തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്‍റെ അലംഭാവത്തിനെതിരെ മലയോര മേഖലകളില്‍ ഉയര്‍ന്ന ആശങ്ക മുതലെടുത്ത് ജനകീയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. ശനിയാഴ്‌ച തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി ഭാരവാഹിയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് സെന്‍റര്‍ നടത്തിയ ഉപഗ്രഹ സര്‍വേ സാധാരണ ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നതാണെന്ന് യോഗം വിലയിരുത്തി.
കെ റെയില്‍ പോലെ ബഫര്‍സോണും ; സര്‍ക്കാര്‍ അലംഭാവത്തിനെതിരെ പ്രക്ഷോഭം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
ശനിയാഴ്‌ച തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി ഭാരവാഹിയോഗമാണ് ബഫര്‍സോണ്‍ പ്രക്ഷോഭം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്
അശാസ്‌ത്രീയവും അപൂര്‍ണവുമായ ഉപഗ്രഹ സര്‍വേ ആരെ തൃപ്‌തിപ്പെടുത്താനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗ്രൗണ്ട് സര്‍വേയും പഠനവും നടത്തി ബഫര്‍സോണ്‍ പരിധി നിശ്ചയിക്കണം. അതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന ഈ മേഖലയിലെ ജനങ്ങളുടെ ആവശ്യം ന്യായമാണ്.
ജനങ്ങളുടെ ജീവന്‍റെ പ്രശ്‌നമാണിത്. അത് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. തട്ടിക്കൂട്ട് സര്‍വേ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സമാനമായ പ്രക്ഷോഭം നടത്തുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ബഫര്‍സോണ്‍ മേഖലയിലെ ആദ്യ ഘട്ട സമരങ്ങള്‍ക്ക് കെപിസിസി ഭാരവാഹി യോഗം രൂപം നല്‍കിയിട്ടുണ്ട്.