തിരുവനന്തപുരം:സംസ്ഥാന കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന സമാധാന അന്തരീക്ഷത്തിന് വെല്ലുവിളിയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പ് യോഗം congress group meeting in Trivandrum. അടുത്തയിടെ നടന്ന ബ്ലോക്ക് പുനസംഘടനയില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചേര്‍ന്ന് എ, ഐ ഗ്രൂപ്പുകളെ വെട്ടി നിരത്തിയെന്ന് പരസ്യ വിമര്‍ശനമുയര്‍ത്തിയ നേതാക്കളാണ് ഇന്ന് തലസ്ഥാനത്ത് ഗ്രൂപ്പു യോഗം ചേര്‍ന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, എംപിമാരായ ബെന്നി ബെഹനാന്‍, എം.കെ. രാഘവന്‍, മുന്‍ മന്ത്രി കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.
പടനീക്കം സതീശനെതിരെ: വയനാട്ടില്‍ അടുത്തയിടെ നടന്ന കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റിന്റെ അന്തസത്ത കണക്കിലെടുക്കാതെ കെപിസിസി പ്രസിഡന്റും വിഡി സതീശനനും ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നു എന്ന വിമര്‍ശനമാണ് യോഗത്തില്‍ പെതുവേ ഉണ്ടായത്്. കെ.സുധാകരനെ മുന്നില്‍ നിര്‍ത്തി എല്ലാ തീരുമാനങ്ങളും സതീശന്‍ കൈക്കൊള്ളുന്നു എന്നു മാത്രമല്ല, ബ്ലോക്ക് പുന സംഘടനയില്‍ ഉമ്മന്‍ചാണ്ടിയെ പൂര്‍ണ്ണമായും അവഗണിച്ചതിനു പിന്നിലും സതീശനാണെന്ന വികാരമാണ് യോഗത്തില്‍ പൊതുവേയുണ്ടായത്. കെ.കരുണാകരന്‍-എ.കെ.ആന്റണി കാലഘട്ടത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ പരസ്പരം പോരടിച്ചു നിന്ന എ, ഐ ഗ്രൂപ്പുകള്‍ ഇനി മുതല്‍ ഒന്നിച്ചു നീങ്ങാനും യോഗത്തില്‍ ധാരണയായി. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.
പേടിയുണ്ട്: ബ്ലോക്ക് പുന:സംഘടനയില്‍ ഉണ്ടായതു പോലെ ഉടന്‍ നടക്കാനിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയില്‍ പൂര്‍ണമായി ഒതുക്കപ്പെടും എന്ന ഭയം എ,ഐ ഗ്രൂപ്പുകള്‍ക്കുണ്ട്. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തില്‍ 2021 ലെ തിരഞ്ഞെടുപ്പിനെ നേരിട്ട് വന്‍ പരാജയം ഏറ്റു വാങ്ങി, സംസ്ഥാന ചരിത്രത്തിലെ ആദ്യ തുടര്‍ഭരണത്തിന് ഇരുവരും കളമൊരുക്കിയതോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സതീശന്‍-സുധാകരന്‍ അച്ചുതണ്ടിനെ കൂട്ടിയിണക്കി പാര്‍ട്ടി നേതൃത്വത്തിലും പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വത്തിലും കൊണ്ടു വന്നത്. സംസ്ഥാനത്ത് നിലനിന്നിരുന്ന ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഗ്രൂപ്പ് സമവാക്യം പൊളിക്കുക എന്ന ഉദ്ദേശ്യവും ഈ നീക്കത്തിലൂടെ ഹൈക്കമാന്‍ഡിനുണ്ടായിരുന്നു.