ഉദയ്പുർ (രാജസ്ഥാൻ): മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് തീരുമാനം പ്രഖ്യാപിച്ചത്. തൃക്കാക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ കെ വി തോമസ് പങ്കെടുത്തതിനു പിന്നാലെയാണ് നടപടി. എഐസിസി അംഗീകാരത്തോടെയാണ് നടപടിയെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ തന്നെ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം കെപിസിസി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, അന്ന് നടപടിയെടുക്കാൻ എഐസിസി തയ്യാറായിരുന്നില്ല. ഇനി കാത്തിരിക്കാനാകില്ലെന്ന് പറഞ്ഞാണ് കെവി തോമസിനെ പുറത്താക്കിയെന്ന് സുധാകരൻ പ്രഖ്യാപിച്ചത്. കോൺഗ്രസിന്‍റെ ചിന്തൻ ശിബിർ നടക്കുന്ന രാജസ്ഥാനിലെ ഉദയ്പുരിലുള്ള ഹോട്ടലിനു മുന്നിൽ നിന്നാണ് കെ സുധാകരൻ കെവി തോമസിനെ പുറത്താക്കിയെന്ന പ്രഖ്യാപനം നടത്തിയത്. ഇക്കാര്യം കെ വി തോമസിനെ അറിയിച്ചുവെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കെ - റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ഭിന്നാഭിപ്രായം പ്രകടിപ്പിച്ചാണ് കെ വി തോമസ് ആദ്യം അതൃപ്തി പരസ്യമാക്കിയത്. പാലാരിവട്ടത്ത് ഇന്ന് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്. ഒരു മണിക്കൂർ ബ്ലോക്കിൽപ്പെട്ടത് കൊണ്ടാണ് വേദിയിലെത്താന്‍ വൈകിയതെന്ന് കെ വി തോമസ് മുഖ്യമന്ത്രിയോട് പറഞ്ഞു. കെ റെയിൽ വരേണ്ട ആവശ്യകത ഇതാണെന്ന് മുഖ്യമന്ത്രി തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.