കേരളം

kerala

ETV Bharat / state

വൈക്കം സത്യഗ്രഹ ശതാബ്‌ദി : പോരടിച്ച് കോണ്‍ഗ്രസും ഇടതുപക്ഷവും ; വേദിയില്‍ ഖാര്‍ഗെയും സ്റ്റാലിനും - latest news in kerala

വൈക്കം സത്യഗ്രഹ ശതാബ്‌ദി മത്സര ആഘോഷങ്ങളുമായി കോണ്‍ഗ്രസും ഇടതുപക്ഷവും. കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്ത് പങ്കെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് നേതാക്കള്‍ കൂടി ഉള്‍പ്പെട്ട ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമമെന്ന് തിരിച്ചടിച്ച് ഇടതുപക്ഷം

വൈക്കം സത്യഗ്രഹ ശതാബ്‌ദി  പോരടിച്ച് കോണ്‍ഗ്രസും ഇടതു പക്ഷവും  വേദിയില്‍ ഖാര്‍ഗെയും സ്റ്റാലിനും  വൈക്കം സത്യാഗ്രഹ ശതാബ്‌ദി മത്സര ആഘോഷം  മല്ലികാര്‍ജുന്‍ ഖാര്‍ഗെ  എംകെ സ്റ്റാലിന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  വൈക്കം സത്യഗ്രഹ ശതാബ്‌ദി  kerala news updates  latest news in kerala  news live
പോരടിച്ച് കോണ്‍ഗ്രസും ഇടതു പക്ഷവും

By

Published : Mar 29, 2023, 10:19 PM IST

തിരുവനന്തപുരം : കൃത്യം ഒരു നൂറ്റാണ്ട് മുന്‍പ് ഇന്ത്യയിലെ അയിത്തോച്ചാടന മുന്നേറ്റങ്ങള്‍ക്ക് വൈക്കം സത്യഗ്രഹം ജീവവായു നല്‍കിയെങ്കില്‍ അതേ വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോങ്ങളുടെ പേരില്‍ പിന്നാക്ക ദളിത് വോട്ടുകളില്‍ കണ്ണുവച്ച് മത്സര ശതാബ്‌ദി ആഘോഷങ്ങളുമായി കേരളത്തിലെ കോണ്‍ഗ്രസും സിപിഎമ്മും. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസും സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ സിപിഎമ്മും സമരത്തിന്‍റെ നേരവകാശത്തിന് പോരടിക്കുമ്പോള്‍ ചരിത്രവും യാഥാര്‍ഥ്യങ്ങളും വളച്ചൊടിക്കപ്പെടുമോ എന്ന ആശങ്കയാണ് ഉയരുന്നത്. കേരളത്തിലെ പുരോഗമന നവോഥാന പ്രസ്ഥാനങ്ങളുടെ പിന്‍മുറക്കാര്‍ തങ്ങളാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇരുപക്ഷവും കൊണ്ടുപിടിച്ച് നടത്തുന്നത്.

1924 മാര്‍ച്ച് 30 മുതല്‍ 1925 നവംബര്‍ 3വരെ 603 ദിവസം നീണ്ടുനിന്ന അതിദീര്‍ഘമായ സമരമായിരുന്നതിനാല്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് കോണ്‍ഗ്രസും ഇടതുസര്‍ക്കാരും വെവ്വേറെ രൂപം കൊടുത്തിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ ആഘോഷ പരിപാടികള്‍ മാര്‍ച്ച് 30ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഉദ്ഘാടനം ചെയ്യുന്നതെങ്കില്‍ സര്‍ക്കാരിന്‍റെ ആഘോഷങ്ങള്‍ ഏപ്രില്‍ 1ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും സംയുക്തമായി വൈക്കത്ത് നിര്‍വഹിക്കും.

1923 ലെ കാക്കിനഡ എഐസിസി സമ്മേളനത്തില്‍ ടി.കെ മാധവന്‍ അവതരിപ്പിച്ച അയിത്തോച്ചാടന പ്രമേയത്തിന് അംഗീകാരം ലഭിച്ചതോടെ ഗാന്ധിജിയുടെ അനുമതിയില്‍ സത്യഗ്രഹം ആരംഭിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലാണെന്നും അന്ന് ജനിച്ചിട്ടില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ സമരത്തിന്‍റെ അവകാശം ഏറ്റെടുക്കുന്നതെന്തിനെന്നുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ചോദ്യം. ഈ സമരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നും അവര്‍ അടിവരയിടുന്നു.

മാത്രമല്ല, 1924ല്‍ എറണാകുളത്ത് ചേര്‍ന്ന കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി യോഗമാണ് അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചതും ഇതിന്‍റെ മാര്‍ഗ രേഖ തയ്യാറാക്കാന്‍ ടി.കെ മാധവന്‍, കെ.കേളപ്പന്‍, വീമ്പൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍ കൃഷ്‌ണസ്വാമി അയ്യര്‍, കണ്ണന്തോടത്ത് വേലായുധമേനോന്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതും. കെ.പി കേശവമേനോന്‍, കെ.കേളപ്പന്‍, എ.കെ.പിള്ള, കുറൂര്‍ നമ്പൂതിരിപ്പാട് തുടങ്ങിയ ഒരു സംഘം കോണ്‍ഗ്രസ് നേതാക്കള്‍ തിരുവിതാംകൂറിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ സഞ്ചരിച്ച് അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ വമ്പിച്ച പ്രചാരണ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.

ഇത്തരം സംഭവ വികാസങ്ങളില്‍ എവിടെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനം എന്ന ചോദ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റുകളും പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായ നിരവധി പേര്‍ അണിനിരന്ന ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായിരുന്നു വൈക്കം സത്യഗ്രഹമെന്ന വാദമാണ് ഇതിനെതിരെ സിപിഎം - ഇടത് കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നത്. മാത്രമല്ല, വൈക്കം സത്യഗ്രഹത്തെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ നിന്ന് പെരിയാര്‍ രാമസ്വാമി നായ്ക്കരും ഭാര്യ നാഗമ്മയും സത്യഗ്രഹത്തിനെത്തിയത് സമരത്തിന് അഖിലേന്ത്യാ ശ്രദ്ധ ലഭിക്കുന്നതിന് സഹായകമായി.

രാമ സ്വാമി നായ്ക്കരുടെ ഈ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനെത്തിച്ചതെന്നതും ശ്രദ്ധേയമാണ്. ഏതായാലും മഹാത്മാഗാന്ധിയുടെ നേരിട്ടുള്ള നിരന്തര ഇടപെടലിലൂടെ കേരളത്തിലെ അവര്‍ണര്‍ക്ക് വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ പ്രവേശനം അനുവദിച്ച ഒരു ചരിത്ര സമരത്തെ പിന്നോക്ക ദളിത് വിഭാഗങ്ങളുടെ പിന്തുണ ഊട്ടി ഉറപ്പിക്കുന്നതിനുള്ള ഒരുവസരമാക്കിയാണ് കോണ്‍ഗ്രസും സിപിഎമ്മും സത്യഗ്രഹത്തിന്‍റെ ശതാബ്‌ദിയെ മാറ്റിയെടുത്തിരിക്കുന്നത്.

ഇരുവരും വോട്ടുബാങ്കിലാണ് കണ്ണ് വയ്ക്കുന്നതെങ്കിലും കേരളത്തിന്‍റെ സാമൂഹിക ക്രമം അപ്പാടെ മാറ്റിമറിച്ച ഈ നവോഥാന മുന്നേറ്റത്തിന്‍റെ ശതാബ്‌ദി ഇടതുവലത് മുന്നണികള്‍ മത്സരിച്ചാഘോഷിക്കുന്നു എന്നത് വൈക്കം സത്യഗ്രഹം എന്ന മഹത്തായ അയിത്തോച്ചാടന സമരത്തിന്‍റെ ഉദാത്ത മാഹാത്മ്യം ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ്.

ABOUT THE AUTHOR

...view details