തിരുവനന്തപുരം : മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന സൂറത്ത് കോടതി വിധിക്കെതിരായ സുപ്രീം കോടതി സ്റ്റേയില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ. കെപിസിസി ആസ്ഥാനത്ത് കേക്ക് മുറിച്ചും മധുരം നൽകിയുമാണ് സുപ്രീം കോടതി വിധി, പ്രവർത്തകർ ആഘോഷിച്ചത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു കെപിസിസി ആസ്ഥാനത്തെ ആഘോഷങ്ങൾ.
സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷ ഇക്കാര്യത്തിൽ കൊടുത്തതെന്തിനാണെന്ന സുപ്രീം കോടതിയുടെ ചോദ്യം വളരെ പ്രസക്തമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ തിരിച്ചുവരവ് ഉണ്ടാകും. രാഹുൽ ഗാന്ധി കൂടുതൽ കരുത്തോട് കൂടി ഇന്ത്യൻ രാഷ്ട്രീയത്തിൽ വർഗീയതയ്ക്കും ഏകാധിപത്യത്തിനും എതിരായുള്ള പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സത്യത്തിന്‍റെ വിജയമെന്ന് ആന്‍റണി : സുപ്രീം കോടതിയുടെ ഇന്നത്തെ ചരിത്ര പ്രസിദ്ധമായ വിധി നീതിയുടേയും സത്യത്തിന്‍റേയും വിജയമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി പ്രതികരിച്ചു. ഒരു പ്രസംഗത്തിന്‍റെ പേരിൽ എട്ട് വർഷം പാർലമെന്‍റിൽ നിന്ന് മാറ്റി നിർത്താനായിരുന്നു ശ്രമം. ഈ വിധി നടപ്പായിരുന്നെങ്കിൽ ലക്ഷക്കണക്കിന് പൊതുപ്രവർത്തകർ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. ജനാധിപത്യം പൂർണമായും തകരുമായിരുന്നു.
രാഹുൽ ഗാന്ധി അജയ്യനായി മാറി. അദ്ദേഹത്തെ തോൽപിക്കാൻ ഇനി ബിജെപിക്ക് ആവില്ല. മതേതര വാദികൾക്ക് ആത്മവിശ്വാസം നൽകിയ വിധിയാണിത്. കേരളീയർക്കും ആശ്വാസം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കണം. അതാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. അവസാന അത്താണിയായി സുപ്രീം കോടതി ഉണ്ടാകുമെന്ന വിശ്വാസം ജനങ്ങൾക്ക് ആശ്വാസമാണെന്നും എകെ ആന്‍റണി പ്രതികരിച്ചു.