കേരളം

kerala

By

Published : Mar 11, 2021, 3:31 PM IST

Updated : Mar 11, 2021, 3:52 PM IST

ETV Bharat / state

കൈപ്പത്തിയിലും താമരയിലും ആരെല്ലാം: ഡല്‍ഹി പറയുന്നതും കാത്ത്

കോൺഗ്രസും ബിജെപിയും സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Election Special
കൈപ്പത്തിയിലും താമരയിലും ആരെല്ലാം: ഡല്‍ഹി പറയുന്നതും കാത്ത്

തർക്കം തീർന്നില്ലെങ്കിലും ഇടതുമുന്നണിയില്‍ പ്രഖ്യാപനം വന്ന സ്ഥലങ്ങളില്‍ സ്ഥാനാർഥികൾ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർഥികളെ തീരുമാനിക്കാൻ ഡല്‍ഹിക്ക് പോയ കോൺഗ്രസ് നേതാക്കൾ രണ്ട് ദിവസത്തിലധികമായി അടച്ചിട്ട മുറികളില്‍ ചർച്ച തുടരുകയാണ്. കഴിഞ്ഞ തവണ കോൺഗ്രസ് പരാജയപ്പെട്ട നേമം, കഴക്കൂട്ടം മണ്ഡലങ്ങൾ തിരിച്ചു പിടിക്കാൻ ഏറ്റവും ശക്തനായ സ്ഥാനാർഥിയെ തീരുമാനിക്കണമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം നല്‍കിയിട്ടുള്ള നിർദ്ദേശം.

കഴിഞ്ഞ തവണ പരാജയപ്പെട്ട മൂവാറ്റുപുഴ, ചാലക്കുടി, പൊന്നാനി, നിലമ്പൂർ, കോങ്ങാട് അടക്കമുള്ള മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാർഥികൾ വേണമെന്നും ദേശീയ നേതൃത്വം നിർദ്ദേശം നല്‍കിയിട്ടുണ്ട്. നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളില്‍ സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരോട് മത്സരിക്കാൻ സന്നദ്ധരാണോ എന്നും കോൺഗ്രസ് ദേശീയ നേതൃത്വം ആരാഞ്ഞിട്ടുണ്ട്.

പല മണ്ഡലങ്ങളിലും സ്ഥാനാർഥികളെ സംബന്ധിച്ച് സമവായം ഉണ്ടാകാത്തതാണ് തീരുമാനം വൈകുന്നതെന്നാണ് അറിയുന്നത്. അതേസമയം, നാളെ വൈകിട്ടോടെ കോൺഗ്രസിന്‍റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനവും നാളെ ഉണ്ടാകും.

താമര വിരിയിക്കാൻ വിഐപികൾ

ബിജെപി സ്ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കിയെന്നും ഉടൻ സ്ഥാനാർഥി പ്രഖ്യാപനം വരുമെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വം നല്‍കുന്ന വിശദീകരണം. ജയം ഉറപ്പുള്ള മണ്ഡലങ്ങളില്‍ ബിജെപിക്കായി അപ്രതീക്ഷിത വിഐപി സ്ഥാനാർഥികൾ ഉണ്ടാകുമെന്നാണ് സൂചന. സുരേഷ് ഗോപി അടക്കമുള്ളവർക്ക് മേല്‍ മത്സരിക്കാൻ നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തിന്‍റെ സമ്മർദമുണ്ടായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ ഡിജിപിമാരായ തോമസ് ജേക്കബ്, ടിപി സെൻകുമാർ, മെട്രോമാൻ ഇ ശ്രീധരൻ എന്നിവർ എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.

അതേസമയം നേമത്ത് കോൺഗ്രസ് ശക്തനായ സ്ഥാനാർഥിയെ തീരുമാനിച്ചാല്‍ കുമ്മനം രാജശേഖരനെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റുന്നതിനെ കുറിച്ചും ആലോചനയുണ്ട്. എൻഡിഎ ഘടകകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, പിസി തോമസ്, സികെ ജാനു എന്നിവരും മികച്ച മത്സരം നടത്തേണ്ട മണ്ഡലങ്ങളിലാകും മത്സരിക്കുക. സികെ ജാനുവിന് ബത്തേരി, പിസി തോമസിന് പാല, തുഷാറിന് വർക്കലയോ കൊടുങ്ങല്ലൂരോ ആകും മത്സരിക്കാൻ നല്‍കുന്നത്. വിജയ സാധ്യതയുള്ള മണ്ഡലങ്ങളെ എ ക്ലാസില്‍ പെടുത്തി മികച്ച സ്ഥാനാർഥികളെ തീരുമാനിച്ച് ഉടൻ പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷ.

Last Updated : Mar 11, 2021, 3:52 PM IST

ABOUT THE AUTHOR

...view details