തിരുവനന്തപുരം: ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് മധ്യ കേരളത്തിലും കുടിയേറ്റ മേഖലകളിലും ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. മത മേലധ്യക്ഷന്‍മാരെ സന്ദര്‍ശിക്കുന്നതിനു പുറമേ ഇന്ത്യയിലുടനീളം ബിജെപിയും സംഘപരിവാറും ക്രിസ്ത്യന്‍ മുസ്‌ലിം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ ചിത്രം സഹിതം പ്രദര്‍ശിപ്പിക്കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. ഇതിനായി കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രചാരണം സംഘടിപ്പിക്കും.
അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്:2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള അടിമുടി മാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ പറഞ്ഞു. മെയ് ഒമ്പത്, പത്ത് തീയതികളില്‍ ചരല്‍ക്കുന്നില്‍ രണ്ടാം ചിന്തന്‍ ശിബിരം സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ നടത്തുന്ന യുവം പരിപാടിക്ക് ബദലായി ലക്ഷം യുവാക്കളെ സംഘടിപ്പിച്ച് മെയ് മാസത്തില്‍ കൊച്ചിയില്‍ പടുകൂറ്റന്‍ റാലിയില്‍ രാഹുല്‍ഗാന്ധിയെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച്:കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും കൈകോര്‍ക്കുകയാണ്. പി.ജയരാജന്‍റെ റിസോര്‍ട്ട് ഏറ്റെടുക്കാന്‍ ബിജെപിയുടെ കേന്ദ്രമന്ത്രി മുന്നോട്ടുവന്നത് ഇതിന് തെളിവാണ്. ലാവ്‌ലിന്‍ അടക്കമുള്ള കേസുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രക്ഷിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം രംഗത്തുണ്ടെന്നും താരതമ്യേന അഴിമതി വിരുദ്ധനായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചേദ്യം ചെയ്‌തിട്ടും പിണറായി വിജയനെ മാത്രം ഒഴിവാക്കിയത് ഇരുവരും തമ്മിലുള്ള ഒത്തുകളിക്ക് ഉദാഹരണമാണെന്നും സുധാകരന്‍ പറഞ്ഞു. ഇതിനെ കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.