തിരുവനന്തപുരം: നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാൻ സർക്കാർ സമർപ്പിച്ച അപേക്ഷയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഈ മാസം 22ന് വിധി പറയും. പൊതുമുതൽ നശിപ്പിച്ച സംഭവം അവസാനിപ്പിക്കുവാൻ കഴിയില്ലെന്നും ഇങ്ങനെ ചെയ്യുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ നേതാവിന്‍റെ അഭിഭാഷകൻ വാദിച്ചു. മാത്രമല്ല പൊതുമുതൽ നശിപ്പിക്കുന്ന കേസുകളിൽ ഹൈക്കോടതി നൽകിയ മാർഗരേഖകൾ കാറ്റിൽ പറത്തുന്ന സാഹചര്യമാകുമെന്നും പ്രതിപക്ഷ പാർട്ടികൾ വാദിച്ചു.
നിയമസഭയിലെ സംഘര്‍ഷം; വിധി 22ന് - കേരള നിയമസഭ പുതിയ വാര്‍ത്ത
പൊതുമുതൽ നശിപ്പിച്ച കേസ് അവസാനിപ്പിക്കുവാൻ കഴിയില്ലെന്നും ഇങ്ങനെ ചെയ്യുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതിപക്ഷ നേതാവിന്‍റെ അഭിഭാഷകൻ വാദിച്ചു
നിയമസഭയ്ക്കുള്ളിൽ അനിഷ്ട സംഭവങ്ങൾ നടന്നാൽ അതിന് പരാതി നൽകേണ്ടത് സ്‌പീക്കറാണ്. ഇവിടെ അത്തരം പരാതിയില്ല. മാത്രമല്ല സഭാഅംഗങ്ങളുടെ ഐക്യം നിലനിർത്തുന്നതിന്‍റെ ഭാഗമായിട്ടാണ് സർക്കാർ കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പ്രതിഭാഗത്തിന് മറുപടി നൽകി. 2015 മാർച്ച് 13 ന് കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ അന്നത്തെ പ്രതിപക്ഷ എം.എൽ.എമാരായിരുന്ന കെ.ടി ജലീൽ അടക്കമുള്ള ആറ് പേരായിരുന്നു നിയമസഭയ്ക്കുള്ളില്‍ നാശനഷ്‌ടം വരുത്തിയത്. മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, എം.എൽ.എമാരായ കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവൻ എന്നിവർക്കെതിരെയാണ് രണ്ടു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്.