തിരുവനന്തപുരം:യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റിൽ. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിന്‍റെ പശ്‌ചാത്തലത്തിലാണ് അറസ്റ്റ്. തിരുവനന്തപുരം പാളയത്ത് വച്ച് കന്‍റോണ്‍മെന്‍റ് പൊലീസാണ് പികെ ഫിറോസിനെ അറസ്റ്റ് ചെയ്‌തത്.
കേസില്‍ ഒന്നാം പ്രതിയാണ് അദ്ദേഹം. അനുമതിയില്ലാതെ ജാഥ സംഘടിപ്പിക്കുക, പൊലീസുകാരെ ആക്രമിച്ചു, പൊതുമുതലും സ്വകാര്യ വസ്‌തുവകകളും നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് യൂത്ത് ലീഗ് സെക്രട്ടറിക്കെതിരെ ചുമത്തിയിരിക്കുന്നത്. പികെ ഫിറോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം മൂന്നാം അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കും.
കേസില്‍ നേരത്തെ അറസ്റ്റിലായ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. ഈ കഴിഞ്ഞ ബുധനാഴ്‌ചയാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാരിൻ്റെ നയങ്ങൾക്കെതിരെ സേവ് കേരള മാർച്ച് സംഘടിപ്പിച്ചത്. മ്യൂസിയത്തിൽ നിന്ന് തുടങ്ങിയ ജാഥ സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസുകാരുമായി സംഘർഷം ഉണ്ടായി.
നേതാക്കളുടെ നിർദേശം അനുസരിക്കാതെ അണികൾ പൊലീസുകാർക്കെതിരെ കുപ്പികളും മറ്റും എറിഞ്ഞ് മാർച്ച് സംഘർഷഭരിതമാക്കുകയായിരുന്നു. തുടർന്ന് ലാത്തിച്ചാർജിലൂടെയാണ് സമരക്കാരെ പൊലീസ് സെക്രട്ടേറിയറ്റ് പരിസരത്ത് നിന്നും മാറ്റിയത്. ജാഥയോടനുബന്ധിച്ച് ഉണ്ടായ സംഘർഷത്തിൽ 75,000 രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
Also Read:യൂത്ത് ലീഗിന്‍റെ സേവ് കേരള മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസും ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി