തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഉച്ചക്ക് ഒരു മണിയോടെ സെക്രട്ടേറിയറ്റിലെ സമര ഗേറ്റിലേക്ക് നടത്തിയ മാർച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഉദ്‌ഘാടനം ചെയ്‌തു. ബാരിക്കേട് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.
തുടർന്ന് പൊലീസിന് നേരെ പ്രവർത്തകർ കൊടിക്കമ്പുകൾ വലിച്ചെറിഞ്ഞു. പൊലീസും പ്രവർത്തകരുമായി കയ്യാങ്കളിയും സംഘർഷവും ഉണ്ടായി. ഇതോടെ മ്യൂസിയം പൊലീസ് എത്തി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.
അറസ്റ്റിന് ശേഷം പ്രവർത്തകർ കൂട്ടത്തോടെ പൊലീസ് എ ആർ ക്യാമ്പിലേക്ക് മാർച്ച് ചെയ്‌തിരുന്നു. ഇതിന് ശേഷവും സെക്രട്ടേറിയറ്റിനു മുൻപിൽ നിന്ന ചില വനിത പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസ് ഇവരെ തടയാൻ ശ്രമിച്ചത് പിന്നീട് കയ്യാങ്കളിയിലേയ്‌ക്ക് നീങ്ങി. എന്നാൽ തള്ളിക്കയറാൻ ശ്രമിച്ച വനിത പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല.
സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിച്ചു ? അതെ സമയം കെ എസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്‍റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അൻസിൽ ജലീലിൻ്റെ പേരിലുള്ള സർട്ടിഫിക്കറ്റ് എവിടെ നിന്ന് ലഭിച്ചുവെന്ന് ദേശാഭിമാനി വ്യക്തമാക്കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ എസ് യുവിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻസിലിന്‍റെ പേരിലുള്ളത് വ്യാജ സർട്ടിഫിക്കറ്റാണ്.