തിരുവനന്തപുരം:2015 മാര്‍ച്ച് 13 നാണ് കേരള നിയമസഭ അതുവരെ കണ്ടിട്ടില്ലാത്ത് കയ്യാങ്കളിക്ക് വേദിയായത്. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ബാറുകളില്‍ നിന്ന് 10 കോടി രൂപ ആവശ്യപ്പെടുകയും രണ്ടു കോടി രൂപ കൈപ്പറ്റുകയും ചെയ്തുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചാല്‍ തടയുമെന്ന് എല്‍ഡിഎഫ് നിലപാട് സ്വീകരിച്ചു. ഇതേതുടർന്ന് സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷ എം.എല്‍.എമാര്‍ തലേ ദിവസം മുതല്‍ നിയമസഭയ്ക്കുള്ളില്‍ തമ്പടിച്ചു.
കൂടുതല്‍ വായനക്ക്: നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാനാകില്ല, രൂക്ഷ വിമർശനവുമായി സുപ്രീംകോടതി; സർക്കാരിന് തിരിച്ചടി
ബജറ്റ് അവതരണത്തിനു മുന്നോടിയായി എന്‍.ശക്തന്‍ രാവിലെ ഒമ്പതിന് സ്പീക്കറുടെ ഇരിപ്പിടത്തിലെത്തി. പ്രകോപിതരായ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി. ഇവരെ തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അന്നത്തെ ഭരണ പക്ഷാംഗങ്ങളും സംഘടിച്ചെത്തി. ഇതോടെ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളിയിലേക്കു നീങ്ങി.
സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചു കയറി പ്രതിപക്ഷം
സ്പീക്കറുടെ ഡയസിനു കവചം തീര്‍ത്ത് വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങള്‍ നിരന്നു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ ഇ.പി. ജയരാജന്‍റെ നേതൃത്വത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളെ തള്ളിമാറ്റി സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചു കയറി. സ്പീക്കറുടെ ഇരിപ്പിടം വലിച്ച് താഴെയിട്ടു.
കെ.ടി.ജലീല്‍, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, കെ.അജിത്, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരും ഡയസിലേക്കു കയറി. അവിടെയുണ്ടായിരുന്ന ഉപകരണങ്ങള്‍ മുഴുവന്‍ നശിപ്പിച്ചു. ബഹളത്തിനിടെ കസേരയും മൈക്കും നഷ്ടപ്പെട്ട സ്പീക്കര്‍ എന്‍.ശക്തന്‍ കൈകാട്ടിയാണ് ധനമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരണത്തിനു ക്ഷണിച്ചത്.