തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരും. രാഷ്ട്രീയ കേരളം ആകാംഷയോടെ നോക്കുന്നത് ഇ.പി.ജയരാജനും പി ജയരാജനുമെതിരായ അന്വേഷണ സമിതിയുടെ കാര്യത്തിൽ നിർണായക തീരുമാനമുണ്ടാകുന്നതിനാൽ. റിസോർട്ട് വിവാദത്തെ ചൊല്ലി സിപിഎം നേതാക്കളായ ഇ.പി. ജയരാജനും പി ജയരാജനും വെള്ളിയാഴ്‌ച ചേർന്ന സിപിഎം സംസ്ഥാന സമിതിയിൽ ഏറ്റുമുട്ടിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനം ആയുര്‍വേദ റിസോര്‍ട്ടിലെ നിക്ഷേപം തുടങ്ങി ഗുരുതര ആരോപണങ്ങളാണ് സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ.പി.ജയരാജിനെതിരെ പി.ജയരാജന്‍ അന്ന് ഉന്നയിച്ചത്. തുടര്‍ന്ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും സമിതിയിലും ഈ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്.
വ്യക്തിഹത്യ നടക്കുന്നതായും ഇത് തുടര്‍ന്നാല്‍ സജീവ രാഷ്ട്രീയം വിടുമെന്ന് ഇ.പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് വിഷയം പരിശോധിക്കാന്‍ സമിതിയെ വയ്ക്കാന്‍ തീരുമാനമായത്. ഇ.പി.ജയരാജന്‍ കേന്ദ്രകമ്മറ്റിയംഗമായതിനാല്‍ പി.ബി അംഗത്തെ കൂടിയുള്‍പ്പെടുത്തി സമിതി രൂപീകരിക്കാനാണ് തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റിനെയാണ് സമിതിയെ തീരുമാനിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യം പരിശോധിക്കാനാണ് സാധ്യത.
ഇത്തരമൊരു പരാതിയും അന്വേഷണവും ഇല്ലായെന്ന നിലപാടാണ് സിപിഎം പരസ്യമായി സ്വീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പ്രമുഖ നേതാക്കള്‍ ഇരുപക്ഷത്തുമായി നില്‍ക്കുന്ന വിഷയത്തില്‍ അതീവ കരുതലോടെയാണ് സിപിഎം പ്രതികരണവും നടപടിയുമെല്ലാം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇ.പി.ജയരാജനും ഇതെല്ലാം മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നാളത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെന്തുണ്ടായാലും അതില്‍ പരസ്യമായൊരു വെളിപ്പെടുത്തല്‍ സിപിഎമ്മിന്‍റെ ഭാഗത്തു നിന്നുമുണ്ടാകാന്‍ സാധ്യതയില്ല.
ആലപ്പുഴ അടക്കമുള്ള ജില്ലകളിലെ സംഘടന പ്രശ്‌നങ്ങളും നാളത്തെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയാകും. സംഘടന വിഷയങ്ങളില്‍ ജില്ലാകമ്മറ്റികളുടെ റിപ്പോര്‍ട്ടുകള്‍ സെക്രട്ടേറിയറ്റ് പരിശോധിക്കാന്‍ സാധ്യതയില്ല. അടുത്ത സംസ്ഥാനസമിതിയിലാകും ഇത്തരത്തിലുളള ഗൗരവമായ വിഷയങ്ങൾ പരിശോധിക്കുക.
ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന സമരവും സെക്രട്ടേറിയറ്റ് യോഗം പരിശോധിക്കും. നികുതി നിര്‍ദേശങ്ങളുമായി മുന്നോട്ട് പോകാന്‍ സിപിഎം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ലൈഫ് കോഴക്കേസിലെ ശിവശങ്കറിന്‍റെ അറസ്റ്റും തുടര്‍ നടപടികളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം നൂറ് ദിന കര്‍മ്മ പദ്ധതികളും തുടര്‍നടപടികളും പാർട്ടി പരിശോധിക്കും.