തിരുവനന്തപുരം: സബ് ജില്ല കലോത്സവത്തിലെ നൃത്ത ഇനങ്ങൾ വിജയിപ്പിക്കാൻ കോഴ ചോദിച്ചതായി പരാതി. നൃത്ത അധ്യാപിക സ്‌മിത ശ്രീയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത് (Bribery to win sub district kalolsavam). ജില്ലാ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നൃത്താധ്യാപകരെ വിളിച്ചാണ് മോഹിനിയാട്ടം, കേരളനടനം എന്നീ ഇനങ്ങളിൽ വിജയിപ്പിക്കാമെന്ന് വാഗ്‌ദാനം നൽകി ഇടനിലക്കാർ അരലക്ഷത്തോളം രൂപ കോഴ ആവശ്യപ്പെട്ടത് (kerala sub district kalolsavam). സംഭവത്തിന്‍റെ ശബ്‌ദ രേഖ പുറത്തായി.
മോഹിനിയാട്ടത്തിന് 50,000 രൂപയും 40,000 രൂപ കൊടുത്താൽ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് ഇടനിലക്കാർ പറയുന്നു. മേക്കപ്പ് ആർട്ടിസ്റ്റും കൊല്ലം സ്വദേശിയുമായ ശരത്, തിരുവനന്തപുരം സ്വദേശിയായ നൃത്താധ്യാപകൻ വിഷ്‌ണു, എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നും ശബ്‌ദരേഖയിൽ പറയുന്നു. പണം കൊടുത്താണ് പല മത്സരങ്ങളുടെയും വിജയികളെ പ്രഖ്യാപിച്ചതെന്നും പരാതിയുമായി കോടതിയെ സമീപിക്കാൻ ആലോചിക്കുന്നുവെന്നും നൃത്ത അധ്യാപിക പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവം: 62ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കൊല്ലത്താണ് വേദിയൊരുങ്ങിയത്. സംസ്ഥാന സ്‌കൂൾ കായിക മേള തൃശൂരും ശാസ്ത്രമേള തിരുവനന്തപുരത്തുമാണ് നടന്നത്. ടിടിഐ കലോത്സവത്തിന് പാലക്കാട് വേദിയാകും. സ്‌കൂൾ കലോത്സവം ജനുവരിയില്‍ നടക്കും.കായിക മേള ഒക്ടോബറിലും സ്പെഷ്യൽ സ്‌കൂൾ മേള നവംബറിലും ശാസ്ത്രമേള ഡിസംബറിലുമാണ് നടന്നത്. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലോത്സവത്തിന് എറണാകുളത്ത് വേദിയൊരുങ്ങി.