തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേരള ഡിജിപിക്കും കേരള മോട്ടോർവാഹനവകുപ്പിനും പരാതി. കൊച്ചിയിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. റോഡ് ഷോയിൽ പ്രധാനമന്ത്രി വാഹനത്തിന്റെ ഡോറിൽ തൂങ്ങിക്കിടന്ന് യാത്ര ചെയ്തു, വാഹനത്തിന്റെ ഗ്ലാസിൽ പൂക്കൾ എറിഞ്ഞ് കാഴ്ച മറച്ചു എന്നീ ഗതാഗത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് തൃശൂർ സ്വദേശിയായ ജയകൃഷ്ണന്‍ എന്നയാൾ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനും മോട്ടോർവാഹന വകുപ്പിനും പരാതി നൽകിയിരിക്കുന്നത്.
നിയമം എല്ലാവരും പാലിക്കാൻ ബാധ്യസ്ഥരാണെന്നും അത് എല്ലാവരും അനുസരിക്കണമെന്നും ജയകൃഷ്ണൻ പരാതിയിൽ പറയുന്നു. 26.04.23 നാണ് ഇത് സംബന്ധിച്ച് ജയകൃഷ്ണൻ പരാതി നൽകിയിരിക്കുന്നത്. യുവാക്കളുമായി നടന്ന സംവാദ പരിപാടിയായ 'യുവം', വന്ദേ ഭാരത് ട്രെയിൻ സർവീസിന്റെ ഉദ്‌ഘാടനം, വാട്ടർ മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങി വിവിധ വികസന പ്രവർത്തനങ്ങൾ എന്നിവയുടെ ഉദ്‌ഘാടനത്തിനായി ഏപ്രില്‍ 24 നാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. യുവം പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻപാണ് നരേന്ദ്ര മോദിയുടെ റോഡ് ഷോ നടന്നത്.