തിരുവനന്തപുരം :കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ വന്ദന ദാസിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്‌ടപരിഹാരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം അനുവദിക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇത് കൂടാതെ തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍റെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജെ എസ് രഞ്‌ജിത്തിന്‍റെ കുടുംബത്തിനും 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കും.
മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍റെ ഫണ്ടില്‍ നിന്നാണ് രഞ്‌ജിത്തിന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരം അനുവദിക്കുന്നത്. കേരള വാട്ടര്‍ അതോറിറ്റിയുടെ കടുത്തുരുത്തി സബ്‌ഡിവിഷന്‍റെ കീഴില്‍ കാവാലിപ്പുഴ പമ്പ് ഹൗസില്‍ പമ്പ് ഓപ്പറേറ്ററായി താത്‌കാലിക ജോലി ചെയ്യവെ വാട്ടര്‍ ടാങ്കില്‍ വീണ് മരണമടഞ്ഞ എസ്.ആര്‍. രാജേഷ് കുമാറിന്‍റെ ഭാര്യ എന്‍.കെ ഷൈബിക്ക് 10 ലക്ഷം രൂപയും നഷ്‌ടപരിഹാരമായി അനുവദിക്കും. വാട്ടര്‍ അതോറിറ്റിയുടെ തനതു ഫണ്ടില്‍ നിന്ന് ഒറ്റത്തവണ ധനസഹായമായി ഈ തുക അനുവദിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
ഡോ വന്ദന ദാസിന്‍റെ മരണം : മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ഡ്യൂട്ടി ചെയ്‌തിരുന്ന വന്ദന ദാസിനെ സന്ദീപ് എന്ന യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊലീസ് ആശുപത്രിയിലെത്തിച്ച സന്ദീപ് ചികിത്സക്കിടെ അക്രമാസക്തനാവുകയായിരുന്നു. ക്രൂരമായ ആക്രമണമാണ് വന്ദനയ്‌ക്ക് നേരെയുണ്ടായത്.
11 കുത്തുകളാണ് വന്ദനയുടെ ശരീരത്തിലേറ്റത്. 23 മുറിവുകളുമുണ്ടായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുളള ഡോക്‌ടര്‍മാരുടെ സംഘടനകള്‍ ശക്തമായ ആശുപത്രി സംരക്ഷണ നിയമം ആവശ്യപ്പെട്ട് സമരം തുടങ്ങി. ഡോക്‌ടര്‍മാരുടെ സമ്മര്‍ദ ഫലമായി ആശുപത്രി സംരക്ഷണ നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്‌ത് ഓര്‍ഡിനന്‍സ് ഇറക്കുകയും ഗവര്‍ണര്‍ നിയമത്തില്‍ ഒപ്പു വയ്‌ക്കുകയും ചെയ്‌തിരുന്നു.