തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെ സമൂഹ അടുക്കളകളിലെ ഭക്ഷണത്തിന് ആവശ്യക്കാർ കുറയുന്നു. ലോക്ക് ഡൗണിന്‍റെ ആദ്യഘട്ടത്തിൽ പ്രതിദിനം ഒരു ലക്ഷത്തോളം ഭക്ഷണപ്പൊതികൾ തയ്യാറാക്കിയിരുന്ന തിരുവനന്തപുരത്ത് ഇപ്പോൾ ആവശ്യക്കാർ 50,000 ആയി കുറഞ്ഞു. 20 രൂപയ്ക്ക് ഭക്ഷണം വിതരണം ചെയ്‌തിരുന്ന ജനകീയ ഹോട്ടലുകളിലും ആവശ്യക്കാർ കുറഞ്ഞു.
ലോക്ക് ഡൗൺ ഇളവ്; സമൂഹ അടുക്കളകളിലെ ആവശ്യക്കാർ കുറഞ്ഞു
20 രൂപയ്ക്ക് ഭക്ഷണം വിതരണം ചെയ്‌തിരുന്ന ജനകീയ ഹോട്ടലുകളിലും ആവശ്യക്കാരുടെ കുറവ്
ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ഇളവുകൾ നിലവില്‍ വന്നതോടെ അവശ്യസാധനങ്ങൾ ലഭ്യമായ പശ്ചാത്തലത്തിലാണ് സമൂഹ അടുക്കളകളിലെ ഭക്ഷണത്തിന് ആവശ്യക്കാർ കുറഞ്ഞത്. 25 സമൂഹ അടുക്കളകളാണ് ലോക്ക് ഡൗൺ കാലത്ത് തിരുവനന്തപുരം നഗരസഭ സജ്ജമാക്കിയത്. 16,40,000 ഭക്ഷണപ്പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്‌തത്. ഇപ്പോൾ അത്യാവശ്യക്കാർക്ക് മാത്രമായാണ് സേവനം.
വിദേശത്ത് നിന്നും മലയാളികളെത്തുകയും അവരെ സർക്കാർ നിരീക്ഷണത്തിലാക്കുകയും ചെയ്‌താൽ കൂടുതൽ ഭക്ഷണം ആവശ്യമായി വരും. അത്തരം സാഹചര്യത്തിൽ ആവശ്യമെങ്കില്‍ സമൂഹ അടുക്കളകളുടെ പ്രവർത്തനം വീണ്ടും വിപുലപ്പെടുത്തും.