തിരുവനന്തപുരം: വിഴിഞ്ഞത്തും സമീപ പ്രദേശങ്ങളിലുമുള്ള തീരശോഷണം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. നാലംഗ സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. പൂനെ സെന്‍റര്‍ വാട്ടര്‍ ആൻഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ മുന്‍ അഡിഷണല്‍ ഡയറക്‌ടര്‍ എം.ഡി കുടാലെയാണ് സമിതി അധ്യക്ഷന്‍.
വിഴിഞ്ഞം തീരശോഷണം പഠിക്കാന്‍ പ്രത്യേക സമിതി; സര്‍ക്കാര്‍ ഉത്തരവിറങ്ങി - തുറമുഖ നിര്‍മാണം മൂലം തീരശോഷണം
വിഴിഞ്ഞം തീരശോഷണം പഠിക്കാന്‍ നാലംഗ സമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. പ്രദേശവാസികളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ റിപ്പോര്‍ട്ട് തയാറാക്കാവൂ എന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.
കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാൻസലർ ഡോ. റെജി ജോണ്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. തേജ കനിത്കര്‍, മുന്‍ തുറമുഖ ചീഫ് എന്‍ജിനീയര്‍ ഡോ. പി.കെ ചന്ദ്രമോഹന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. തുറമുഖ നിര്‍മാണം മൂലം തീരശോഷണം ഉണ്ടാകുന്നുണ്ടോയെന്ന് പ്രധാനമായും പഠിക്കണമെന്നാണ് സമിതിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രദേശവാസികളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ റിപ്പോര്‍ട്ട് തയാറാക്കാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തീരശോഷണം പഠിക്കാന്‍ പ്രത്യേക സമിതി എന്നത് വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം നടത്തുന്ന സമര സമിതിയുടെ പ്രധാന ആവശ്യമായിരുന്നു. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ സമര സമിതി തള്ളി. സമര സമിതിയുടെ പങ്കാളിയെ കൂടി ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാര്‍ രൂപീകരിച്ച സമിതിയില്‍ ഓഷ്യന്‍ സയന്‍സുമായി ബന്ധപ്പെട്ട വിദഗ്‌ധൻ ഇല്ലെന്ന വിമര്‍ശനവും സമര സമിതി ഉന്നയിക്കുന്നുണ്ട്.