തിരുവനന്തപുരം:പിജി വിദ്യാര്‍ഥികള്‍, ഹൗസ് സര്ജന്മാര് എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയേയാണ് നിയോഗിച്ചിരിക്കുന്നത്. ഒരു മാസത്തിനകം കമ്മിറ്റി മെഡിക്കൽ വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്കി.
മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റ് ആശുപത്രികളില്‍ പോകുന്നവര്‍ക്കായി ഉടന്‍ തന്നെ എസ്ഒപി പുറത്തിറക്കും. ഹൗസ് സര്ജന്മാരുടെ പ്രശ്നങ്ങളും കമ്മിറ്റി പരിശോധിക്കും. റസിഡന്‍സി മാന്വല്‍ കര്‍ശനമായി നടപ്പിലാക്കും. അടിയന്തരമായി ഇതിനായി ഡി.എം.ഇ. സര്‍ക്കുലര്‍ ഇറക്കും.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങൾ വേണ്ട:വകുപ്പ് മേധാവികള്‍ വിദ്യാര്‍ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി. ഡോക്ടര്‍മാര്‍ക്കൊപ്പമാണ് സര്‍ക്കാറെന്ന് ആരോഗ്യമന്ത്രി പിജി ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ സമരം ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിശദമായ അവലോകന യോഗം ചേര്‍ന്ന് സുരക്ഷ അടക്കമുളള കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നു.
also read :സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു; വൈകിട്ട് ജോലിയില്‍ പ്രവേശിക്കും
ഇതിന്റെ ഭാഗമായി ആശുപത്രികളിലെ സുരക്ഷ ഓഡിറ്റ് സമയബന്ധിതമായി നടത്തും. എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. മറ്റിടങ്ങളില്‍ പൊലീസ് നിരീക്ഷണമുണ്ടാകും. ആശുപത്രികളില്‍ സിസിടിവി ക്യാമറ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.