തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തെ ദുരവസ്ഥ അനുദിനം പുറത്ത് വരുന്ന സാഹചര്യത്തിൽ കെട്ടിട ഉടമകൾക്ക് നിബന്ധകളുമായി തിരുവനന്തപുരം നഗരസഭ പുതിയ നിയമാവലി പുറത്തിറക്കുന്നു. നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് പുതിയ നിയമാവലിയുടെ നിർദേശം മുന്നോട്ട് വച്ചത്. വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാൻ നിലവിലെ ചട്ടങ്ങൾ നഗരസഭ അധികൃതർക്ക് തടസമാണ്.
ഇത് മറികടക്കാനാണ് ആരോഗ്യ വിഭാഗം പുതിയ നിയമാവലിക്ക് നിർദേശം നൽകിയത്. ആരോഗ്യ വിഭാഗം നിർദേശിച്ച പുതിയ ചട്ടപ്രകാരം ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്ന ക്യാമ്പുകൾക്ക് രജിസ്ട്രേഷൻ കൊണ്ടു വരും. നഗരസഭയുടെ ലൈസൻസ് ലഭിച്ച കെട്ടിടങ്ങളിൽ പാർപ്പിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തണം. നിർമാണ സ്ഥലങ്ങളിൽ താത്‌കാലികമായി ഒരുക്കുന്ന ക്യാമ്പുകൾക്ക് ലൈസൻസ് ചട്ടം നിർബന്ധമില്ല.
കെട്ടിട ഉടമ ഉറപ്പ് വരുത്തേണ്ട കാര്യങ്ങള്‍:എന്നാൽ, ക്യാമ്പിന്‍റെ പ്രവർത്തനം, നിർമാണം പൂർത്തിയാക്കുമ്പോൾ അവസാനിപ്പിക്കേണ്ടതാണ്. സ്ഥിരമായി ഒരുക്കുന്ന ക്യാമ്പുകൾ ഉൾപ്പെട്ട കെട്ടിടത്തിലേക്ക് മൂന്ന് അടിയെങ്കിലും വീതിയുള്ള നടപ്പാത ഉണ്ടായിരിക്കണം, ഒരു അതിഥി തൊഴിലാളിക്ക് മൂന്ന് ചതുരശ്ര മീറ്റർ വിസ്‌തീർണം ലഭ്യമാക്കണം, കെട്ടിടത്തിൽ വൈദ്യുതി, വെള്ളം, ആവശ്യമായ വായുസഞ്ചാരം എന്നിവ ഉറപ്പാക്കണം, അഞ്ച് തൊഴിലാളികൾക്ക് ഒരു ടോയ്‌ലറ്റ് എന്ന നിലയിൽ സംവിധാനം ഒരുക്കണം, 10ല്‍ കൂടുതൽ തൊഴിലാളികൾ ഉണ്ടെങ്കിൽ പാചകത്തിനുള്ള സൗകര്യമുണ്ടാകണം, കക്കൂസ് മാലിന്യം സൂക്ഷിക്കാൻ സെപ്റ്റിക് ടാങ്ക് സൗകര്യം നിയമാനുസൃത സംസ്‌കരണം എന്നീ സൗകര്യങ്ങൾ ഉറപ്പാക്കേണ്ട ചുമതല കെട്ടിട ഉടമയ്ക്കാണ്.
തൊഴിലാളികളിൽ നിന്നും ഈടാക്കുന്ന വാടകയ്ക്ക് നിർബന്ധമായും റെസിപ്റ്റ് നൽകണമെന്ന് പുതിയ നിർദേശത്തിൽ പറയുന്നു. ഇത്തരത്തിൽ അംഗീകൃത ക്യാമ്പുകളിൽ കഴിയുന്നവരെല്ലാം നഗരസഭയിൽ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് കെട്ടിട ഉടമയും ഇവർക്ക് ഐ ഡി കാർഡുണ്ടെന്ന് കരാറുകാരും ഉറപ്പ് വരുത്തണം. കൂടാതെ ക്യാമ്പുകളിൽ നഗരസഭ ഉദ്യോഗസ്ഥരും വാർഡ് കൗൺസിലർമാരും മുഴുവൻ അതിഥി തൊഴിലാളികളും ഉൾപ്പെട്ട മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു.