തിരുവനന്തപുരം: സിഎൻജി, ഇലക്ട്രിക് ബസുകളുടെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിക്കാൻ കെഎസ്ആർടിസി. കിഫ്ബിയിൽ നിന്നും തുക അനുവദിക്കുന്നതിനായി ധനവകുപ്പിൻ്റെ നിർദേശമനുസരിച്ചായിരിക്കും പ്രത്യേക കമ്പനി രൂപീകരിക്കുക. ജൻറം ബസുകൾക്കായുള്ള കെ.യു.ആർ.ടി.സിയുടെ മാതൃകയിലാണ് പുതിയ കമ്പനി.
സിഎൻജി-ഇലക്ട്രിക് ബസ് നടത്തിപ്പ്; പ്രത്യേക കമ്പനി രൂപീകരിക്കും - സിഎൻജി, ഇലക്ട്രിക് ബസ് കേരളം
ഇലക്ട്രിക് ബസുകൾ വാങ്ങൽ, സർവീസുകൾ ക്രമീകരിക്കൽ, ജീവനക്കാരെ നിയോഗിക്കൽ തുടങ്ങിയവയായിരിക്കും കമ്പനിയുടെ ചുമതല.
കെഎസ്ആർടിസിക്ക് 50 വൈദ്യുത ബസുകളും 310 സിഎൻജി ബസുകളും വാങ്ങാൻ കിഫ്ബിയിൽ നിന്നും 286.50 കോടി രൂപ സർക്കാർ അനുമതി നൽകിയെങ്കിലും ഉപാധികൾ വേണമെന്നായിരുന്നു കിഫ്ബിയുടെ ആവശ്യം. വായ്‌പ തിരിച്ചടവിനുള്ള ഉറപ്പിനു വേണ്ടി കെ.യു.ആർ.ടി.സിയുടെ മാതൃകയിൽ ഉപകമ്പനി രൂപീകരിക്കണമെന്ന ഉപാധിയാണ് കിഫ്ബി മുന്നോട്ടുവച്ചത്. ഇതനുസരിച്ച് അടുത്ത മാസത്തോടുകൂടി കമ്പനി രൂപീകരിക്കാനാണ് തീരുമാനം.
തിരുവനന്തപുരത്ത് ഈഞ്ചയ്ക്കലിലോ ആനയറയിലോ ആവും കമ്പനി നിലവിൽ വരിക. ഇലക്ട്രിക് ബസുകൾ വാങ്ങൽ, സർവീസുകൾ ക്രമീകരിക്കൽ, ജീവനക്കാരെ നിയോഗിക്കൽ തുടങ്ങിയവയായിരിക്കും കമ്പനിയുടെ ചുമതല. വരുമാനത്തിൽ നിന്നും ഇന്ധനം, ശമ്പളം തുടങ്ങിയ ചെലവുകൾ കഴിഞ്ഞുള്ള മുഴുവൻ തുകയും കിഫ്ബിയിലേക്ക് തിരിച്ചടക്കാനാണ് ധാരണ . ഇലക്ട്രിക് ബസുകൾക്ക് 27.50 കോടി കേന്ദ്ര സർക്കാരിന്‍റെ സബ്‌സിഡി ലഭ്യമാകും. ബാക്കി 259 കോടി നാല് ശതമാനം പലിശയ്ക്കാണ് വായ്‌പ നൽകുന്നത്.