തിരുവനന്തപുരം: ദുരതിതാശ്വാസ ഫണ്ട് വകമാറ്റിയതു സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി തള്ളി ലോകായുക്ത. ലോകായുക്തയും ഉപലോകായുക്തമാരും ഉള്‍പ്പെട്ട ഫുള്‍ ബഞ്ച് ഏകകണ്‌ഠമായാണ് ഹര്‍ജി തള്ളിയത് (Kerala Lok Ayukta rejects plea alleging misuse of CMDRF). ദുരിതാശ്വാസ ഫണ്ട് നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും അഴിമതി നടത്തിയതിനോ സ്വജനപക്ഷപാതം കാട്ടിയതിനോ തെളിവില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ലോകായുക്ത നിരീക്ഷിച്ചു.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി തോമസ് എന്നിവരടങ്ങിയ ഫുള്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ആര്‍ എസ് ശശികുമാര്‍ (RS Sasikumar)) എന്ന വ്യക്തിയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജി തള്ളിയതിനുപിന്നാലെ അപ്പീല്‍ പോകുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ഫോറം കണ്‍വീനര്‍ കൂടിയായ ആര്‍ എസ് ശശികുമാര്‍ അറിയിച്ചു.
മന്ത്രിസഭ എടുത്ത തീരുമാനങ്ങളുടെ മെറിറ്റിലേക്ക് കോടതി കടക്കുന്നില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. തീരുമാനങ്ങളുടെ നടപടിക്രമം മാത്രമാണ് പരിശോധിച്ചത്. പണം നല്‍കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അധികാരമുണ്ട്. 3 ലക്ഷത്തിനു മുകളില്‍ പണം നല്‍കിയതിനു മന്ത്രിസഭയുടെ അംഗീകാരമുണ്ട്. ഇത് രാഷ്ട്രീയ അനുകൂല തീരുമാനമായി കണക്കാക്കാനാകില്ല. ഹര്‍ജി പരിഗണനാ വിഷയമേ അല്ലെന്നും വിഷയം ലോകായുക്തയുടെ അധികാര പരിധിക്കു പുറത്താണെന്നും ഉപലോകായുക്ത ബാബു മാത്യു പി ജോസഫ് വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനമായതു കൊണ്ട് പരിഗണിക്കാനാകില്ലെന്നായിരുന്നു വിധി. എന്നാല്‍ തീരുമാനമെടുത്ത നടപടിക്രമങ്ങളില്‍ പിഴവുണ്ടെന്നും ക്യാബിനറ്റ് നോട്ടില്ലാതെ തിടുക്കപ്പെട്ട് സഹായം നല്‍കിയത് ശരിയായില്ലെന്നും ലോകായുക്ത അഭിപ്രായപ്പെട്ടു.