തിരുവനന്തപുരം :യൂണിയന് മുകളിൽ കുറേ പേർ പ്രവർത്തിക്കുന്നതാണ് കെഎസ്ആർടിസിയുടെ പ്രധാന പ്രശ്‌നമെന്ന് സിഎംഡി ബിജു പ്രഭാകർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് കെഎസ്ആർടിസി ചെയർമാൻ ആന്‍ഡ് മാനേജിങ് ഡയറക്‌ടർ ബിജു പ്രഭാകറിന്‍റെ രൂക്ഷപ്രതികരണം. ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഇനി ഒരിക്കലും നന്നാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
മാനേജ്മെന്‍റിനെ എതിർക്കുന്നവർ ഒരു ചായക്കട എങ്കിലും നടത്തി പരിചയമുള്ളവരാകണം. കെഎസ്ആർടിസിക്ക് വരുമാനം ഉണ്ടായിട്ടും ശമ്പളം നൽകുന്നില്ലെന്ന പ്രചാരണം തെറ്റാണ്. താനായിട്ട് ഉണ്ടാക്കിയതല്ല കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ. കെഎസ്ആർടിസിയിൽ പണിയെടുക്കുന്ന എല്ലാവരും നന്നായാൽ മാത്രമേ ആ സ്ഥാപനം മെച്ചപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഒരു വിഭാഗം ജീവനക്കാർ ഇതിന് പിന്നിൽ പ്രവർത്തിക്കുകയാണെന്നും ആരോപിച്ചു. അവരുടെ അജണ്ടകൾ പലതും നടക്കില്ലെന്ന തോന്നലാണ് തനിക്കെതിരെ തിരിയാനുള്ള കാരണം. കൊവിഡ് കാലത്ത് പോലും ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും കൃത്യസമയത്ത് നൽകി. ജീവനക്കാരിൽ ഭൂരിഭാഗം പേരും നല്ല രീതിയിൽ ജോലി ചെയ്യുന്നവരാണ്.
എന്നാൽ ചില ആളുകൾ പ്രത്യേക അജണ്ടയോടുകൂടിയാണ് പ്രവർത്തിക്കുന്നത്. കെഎസ്ആർടിസിയുടെ എല്ലാ നഷ്‌ടത്തിനും സർക്കാർ പണം നൽകണമെന്ന് പറയാനാകില്ല. ചിലർക്ക് എന്തും പറയാം എന്ന നിലയിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ. തന്‍റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളിൽ ബോർഡ് പതിപ്പിച്ചിട്ടുപോലും അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. വരുമാനത്തിൽ നിന്ന് ശമ്പളം കൊടുത്തശേഷം ബാക്കി ചെലവുകൾ നോക്കിയാൽപോരേ എന്നാണ് ചിലർ ഉന്നയിക്കുന്ന വാദം. എന്നാൽ ഡീസലടിച്ചാലേ വണ്ടി ഓടുകയുള്ളൂവെന്നും വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാന്‍ പൈസ കിട്ടൂവെന്നും അദ്ദേഹം പറഞ്ഞു.
200 കോടി രൂപ ഒരു മാസം വരുമാനം ലഭിച്ചാൽ അതിൽ 100 കോടി രൂപയും ഡീസലിനാണ് നൽകുന്നത്. ഡിഡി നേരത്തെ കൊടുത്താൽ മാത്രമേ ഡീസൽ കിട്ടുകയുള്ളൂ. ബാങ്കുകളിലെ ലോൺ തിരിച്ചടവിനായി 30 കോടിയും ബാറ്റയ്‌ക്കായി 5 കോടിയും സ്‌പെയർ പാർട്‌സ് ഉൾപ്പടെയുള്ള മറ്റ് ചെലവുകൾക്കായി 25 കോടി രൂപയും വേണം. 40 കോടി രൂപയാകും പിന്നെ അവശേഷിക്കുന്നത്. 91.92 കോടി രൂപയാണ് ഒരു മാസം ശമ്പള വിതരണത്തിനായി വേണ്ടത്. പൈസ കയ്യിൽ വച്ചിട്ട് ശമ്പളം നൽകാത്തതല്ല എന്ന വസ്‌തുത എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി കെഎസ്ആർടിസി സിഎംഡി സ്ഥാനത്തുനിന്ന് നീക്കണമെന്ന് അഭ്യർഥിച്ചതിന് പിന്നാലെയാണ് ബിജു പ്രഭാകർ വീഡിയോ പങ്കുവച്ചത്. ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ തിരുമലയിലുള്ള ബിജു പ്രഭാകറിന്‍റെ വസതിയിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അതേസമയം 2023 ഏപ്രിൽ മാസം വരെയുള്ള കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതിയും വരവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ ബിജു പ്രഭാകർ വിശദമായ വിവരങ്ങൾ പങ്കുവയ്‌ക്കും.