തിരുവനന്തപുരം: ലോക്ക് ഡൗൺ സമയത്ത് സ്വപ്ന സുരേഷ് സംസ്ഥാനം കടന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ വാർത്തകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയുടെ മറുപടി. ജൂലായ് ആറിനാണ് തിരുവനന്തപുരത്ത് ലോക്ക് ഡൗൺ നടപ്പാക്കിയത്. അന്നിറങ്ങിയ പത്രത്തിൽ അതിനും രണ്ട് ദിവസം മുൻപ് സ്വപ്ന അതിർത്തി കടന്നുവെന്നും ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെന്നും സാക്ഷ്യപ്പെടുത്തുന്നു. അതിർത്തി കടന്നതിനുള്ള വിശദീകരണവും മാധ്യമങ്ങളിൽ വന്നതാണ്.
സ്വപ്ന സുരേഷ് സംസ്ഥാനം കടന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി - തിരുവനന്തപുരം
മാധ്യമ വാർത്തകൾ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കേരളത്തിൽ നിന്നും ഒരാൾക്ക് മറ്റ് സംസ്ഥാനത്തേയ്ക്ക് പോകണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. ഏത് സംസ്ഥാനത്തേയ്ക്കാണോ പോകുന്നത് അവിടുത്തെ നടപടിക്രമം പാലിച്ചാൽ മതിയാകും. മറ്റ് പരിശോധനകൾ ഉണ്ടാകില്ല. കർണാടകയിലേയ്ക്ക് പോകുന്നവർക്ക് അവിടെത്തെ കൊവിഡ് ആപ്പിൽ രജിസ്റ്റർ ചെയ്താൽ മതിയാകും. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങൾ തന്നെ വിശദീകരിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗൺ ഇളവ് വരുത്തിക്കൊണ്ടുള്ള കേന്ദ്ര ഉത്തരവനുസരിച്ചാണ് അതിർത്തിയിലെ പരിശോധന ഒഴിവാക്കിയിട്ടുള്ളത്. സംസ്ഥാനത്തിനത്തേക്ക് വരുന്നവർക്ക് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള പരിശോധനയാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് സ്വപ്ന അതിർത്തി കടന്നത് പൊലീസിന്‍റെ വീഴ്ചയാണെന്നും ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾക്കാണ് മുഖ്യ മന്ത്രിയുടെ മറുപടി.