തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മൂന്ന് വർഷം സമയം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റീ ബിൽഡ് കേരള പദ്ധതിക്കായി ലോക ബാങ്കിൽ നിന്നും അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിൽ മറുപടി പറയുമ്പോഴാണ് പദ്ധതികൾ പൂർണമായും നടപ്പാക്കാൻ മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഒരു വർഷം കൊണ്ട് ഇത് പൂർത്തിയാക്കണമെന്ന് പറയുന്നത് ശരിയല്ല. ലോക ബാങ്കിൽ നിന്ന് 1750 കോടി രൂപ ആദ്യ ഗഡുവായി ലഭിച്ചു. ഇതുപ്രകരം പദ്ധതികൾക്ക് രൂപം നൽകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ഭാവിയെ മുന്നിൽ കണ്ടുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. ലോകബാങ്ക് സഹായം വകമാറ്റിയെന്ന അരോപണം മുഖ്യമന്ത്രി തള്ളി.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മൂന്ന് വർഷം വേണമെന്ന് മുഖ്യമന്ത്രി - പി.കെ ബഷീർ എംഎൽഎ
പ്രളയം കഴിഞ്ഞ് ഒന്നര വർഷമായിട്ടും റീ ബിൽഡ് കേരള പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ പോലും സർക്കാരിന് സാധിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു
പ്രളയം കഴിഞ്ഞ് ഒന്നര വർഷമായിട്ടും റീ ബിൽഡ് കേരള പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ പോലും സർക്കാരിന് സാധിച്ചിട്ടില്ലെന്ന് പ്രമേയത്തിന് അവതരാണാനുമതി തേടിയ പി.കെ ബഷീർ എംഎൽഎ ആരോപിച്ചു. ചര്‍ച്ചകള്‍ മാത്രമാണ് ഇപ്പോഴും നടക്കുന്നത്. പ്രളയ ഗുണഭോക്താക്കളുടെ ലിസ്റ്റ് പോലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ഗെയിൽ പദ്ധതി നടപ്പാക്കിയ ഇച്ഛാശക്തി പാവപ്പെട്ടവന്‍റെ കാര്യത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ബഷീർ പറഞ്ഞു.
കാര്യപ്രാപ്‌തിയില്ലാത്ത സർക്കാർ നാട് ഭരിച്ചാലുള്ള നേർക്കാഴ്‌ചയാണ് ഇപ്പോൾ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വാചകമടിക്ക് ഓസ്‌കർ നല്‍കേണ്ട സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ലോകബാങ്ക് സഹായം വകമാറ്റി ചെലവഴിക്കുന്നു. പുനർനിർമാണവും നവകേരള നിർമാണവും എങ്ങുമെത്തിയില്ല. 223ൽപരം പുതിയ ക്വാറികൾക്ക് അനുമതി നൽകിയതാണോ പരിസ്ഥിതി സംരക്ഷണമെന്ന് ചെന്നിത്തല ചോദിച്ചു. ഈ സർക്കാരിനെ കൊണ്ട് കേരള പുനർ നിർമാണം നടത്താനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ചട്ടപ്രകാരം മാത്രമാണ് ക്വാറികൾക്ക് അനുമതി നൽകിയത് എന്നായിരുന്നു വ്യവസായ മന്ത്രിയുടെ മറുപടി. പ്രമേയം സഭ നിർത്തിവെച്ച് ചെയ്യേണ്ടതില്ലെന്ന് സ്‌പീക്കർ അറിയച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.