തിരുവനന്തപുരം: 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെ വിവിധ സമയങ്ങളില്‍ അവസാനിക്കുന്ന പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും നിയമന അധികാരികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ പുരോഗതി അനുസരിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്‍റെ അഡ്‌മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് വിഭാഗം പരിശോധനകള്‍ നടത്തുന്നുണ്ട്. പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ കണ്ടെത്താന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പി.സി ജോര്‍ജിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.
പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി ദീര്‍ഘിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി - തിരുവനന്തപുരം വാർത്ത
ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ടുചെയ്യാന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും നിയമന അധികാരികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പി.എസ്.സി പരീക്ഷകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പി.എസ്.സി ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ ക്രൈം വിഭാഗം പരിശീലനം നല്‍കി വരുന്നുണ്ട്. പൊലീസ് സേനയിലേക്കുള്ള എഴുത്തു പരീക്ഷ നടത്തുന്ന ഹാളുകളില്‍ സി.സി.ടി.വി ക്യാമറ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ സുതാര്യവും കുറ്റമറ്റ രീതിയിലും പരീക്ഷ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പി.എസ്.സിയുടെ എല്ലാ എഴുത്തുപരീക്ഷാ ഹാളുകളിലും സുതാര്യത ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കും. എം.സി കമറുദ്ദീന്‍, പി.കെ അബ്‌ദുറബ്ബ് എന്നിവരുടെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.