തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലകളിലെ തട്ടുകടകളിലും പ്രധാന ഹോട്ടലുകളിലുമടക്കം നിശ്ചിത ഇടവേളകളിൽ പരിശോധന നടത്താനും മുഖ്യമന്ത്രി നിർദേശം നൽകി. മത്സ്യം, ഇറച്ചി, പച്ചക്കറി, പാചക എണ്ണ തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മായം കലർന്ന സാധനങ്ങളുടെ വിൽപ്പന നടക്കുന്നുണ്ട്. മത്സ്യം പരിശോധിക്കാൻ നേരത്തെ ഇടപെടലുണ്ടായിരുന്നു.എന്നാൽ തുടർച്ചയായ പരിശോധനയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനം ഫലപ്രദമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി ജില്ലാ കലക്ടർമാർക്കും മറ്റു വകുപ്പുതല ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.