കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ പ്രധാനപദ്ധതികൾ: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു - review meeting

പ്രവൃത്തികൾ വേഗത്തിലാക്കാൻ സെക്രട്ടറിമാരും വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു

സംസ്ഥാനത്തെ പ്രധാനപദ്ധതികൾ: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു

By

Published : Aug 1, 2019, 8:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പ്രധാന പദ്ധതികളെ കുറിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേർന്നു. പദ്ധതികളുടെ നിലവിലുള്ള പുരോഗതി, പദ്ധതിക്കുള്ള തടസങ്ങൾ നീക്കുക, നിശ്ചിത ഷെഡ്യൂൾ അനുസരിച്ച് പദ്ധതി പൂർത്തീകരിക്കുക തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.

പ്രവൃത്തികൾ വേഗത്തിലാക്കാൻ സെക്രട്ടറിമാരും വകുപ്പുകളും ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെ നേതൃത്വത്തിലും സെക്രട്ടറി തലത്തിലും നിശ്ചിത ഇടവേളകളിൽ അവലോകനം നടത്തണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിർദേശിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ, ഓഖി പുനരധിവാസ പദ്ധതികൾ, മാലിന്യ സംസ്‌കരണ പ്ലാന്‍റുകൾ, ഇടമൺ- കൊച്ചി വൈദ്യുതി ലൈൻ, ഗെയിൽ പൈപ്പ് ലൈൻ, കോവളം- ബേക്കൽ ജലപാത, ലൈഫ് മിഷൻ എന്നിവയുടെ പുരോഗതി യോഗം ചർച്ച ചെയ്‌തു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഏറെക്കുറെ പൂർത്തിയായതായി യോഗം വിലയിരുത്തി.

തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിൽ മാലിന്യസംസ്‌കരണ പ്ലാന്‍റുകൾ സ്ഥാപിക്കുന്നത് യോഗം ചർച്ച ചെയ്‌തു. ശബരിമല മാസ്റ്റർ പ്ലാനിൽ 63.5 ഏക്കർ ഭൂമിയിൽ നടത്തേണ്ട പ്രവർത്തനങ്ങൾക്ക് രൂപരേഖ ആദ്യം തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. റോപ് വേ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന നടത്തുന്നതിനുള്ള നടപടി ഒരാഴ്‌ചക്കുള്ളിൽ ആരംഭിക്കും. അടുത്ത മണ്ഡലകാലത്തിന് മുമ്പ് നിലയ്ക്കലിൽ തീർത്ഥാടകർക്ക് ആവശ്യമായ പരമാവധി സൗകര്യങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.

ലൈഫ് മിഷന്‍റെ ആദ്യഘട്ടവും ഭൂരിഭാഗവും പൂർത്തിയായി. ഓഖി പുനരധിവാസ പദ്ധതിയുടെ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായുള്ള നാവിക് സംവിധാനം കരയിലേക്ക് സന്ദേശം അയയ്ക്കാനാവുന്നവിധം പരിഷ്‌കരിക്കാൻ തീരുമാനിച്ചു. ഇതിനുള്ള സാങ്കേതിക വിദ്യ ഈ മാസം ഐഎസ്‌ആർഒ കൈമാറും. സാറ്റലൈറ്റ് ഫോണുകൾ ലഭിക്കുന്നതിന് മത്സ്യത്തൊഴിലാളികൾ നൽകേണ്ട വിഹിതം ആയിരം രൂപയായി കുറക്കാന്‍ തീരുമാനിച്ചു. മറൈൻ ആംബുലൻസ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു.

ABOUT THE AUTHOR

...view details