തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ 40 ലക്ഷം രൂപ ചിലവഴിച്ചുവെന്നത് അസംബന്ധമായ പ്രചരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ കാര്യങ്ങള്‍ പര്‍വ്വതീകരിച്ചുള്ള പ്രചരണമാണ് പലപ്പോഴും നടക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
തൊഴുത്തില്‍ പശുക്കള്‍ക്കായി പാട്ടിടുന്നു എന്ന് പ്രചരണമുണ്ടായി. ഇക്കാര്യത്തില്‍ വിമര്‍ശനമുണ്ടായപ്പോള്‍ പാട്ടിടുന്നത് നിര്‍ത്തിയെന്നും പ്രചരിപ്പിച്ചു. യഥാര്‍ഥത്തില്‍ പൊളിഞ്ഞ മതില്‍ പുതുക്കി പണിയുകയാണ് ചെയ്‌തത്. അതിന് മുഖ്യമന്ത്രിയല്ല നടപടിയെടുക്കുന്നത്. ബന്ധപ്പെട്ട വകുപ്പാണ് കണക്കുകള്‍ തയാറാക്കുന്നത്. ഇത്തരത്തിലാണ് പല വിഷയങ്ങളിലുള്ള പ്രചരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ചിന്ത ജെറോമിനെ മൂത്രത്തില്‍ ചൂല് മുക്കിയടിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തിയ പരാമര്‍ശം ഒരു പൊതു പ്രവര്‍ത്തകന്‍ നടത്താന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനം ശ്രദ്ധിച്ചുവേണം സംസാരിക്കേണ്ടത്. അല്ലാതെ എന്തും പറയാമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
7100 കോടിയുടെ വീഴ്‌ച : സംസ്ഥാനത്ത് നികുതി പിരിവില്‍ വീഴ്‌ചയെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം അന്തിമമല്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി. കണക്കുകള്‍ നോക്കുമ്പോള്‍ ഉന്നയിക്കുന്നത് സാധാരണ വിമര്‍ശനങ്ങളാണ്. സിഎജി റിപ്പോര്‍ട്ട് പി.എ.സി പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി സംസ്ഥാന ധനവകുപ്പ് 7100 കോടിയുടെ നികുതി പിരിവ് നടത്തിയിട്ടില്ലെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. റവന്യൂ വിഭാഗത്തിന് മേലുള്ള 2019-2021 കാലയളവിലെ സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന്‍റെ തനത് നികുതി വരുമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 20 ശതമാനത്തില്‍ കൂടുതലാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.