തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത വിധി പറയാൻ മാറ്റി. അതേസമയം ഹർജിയുടെ സാധുത വീണ്ടും പരിശോധിക്കണമെന്ന ലോകായുക്ത നിലപാടിനെതിരെ ഹർജിക്കാരൻ നൽകിയ ഇടക്കാല ഹർജി ലോകായുക്ത വിശാല ബെഞ്ച് തള്ളി. ഹർജിക്കാരനെതിരെയും ഹർജിക്കാരന്‍റെ അഭിഭാഷകനെതിരെയും അതിരൂക്ഷ വിമർശനമാണ് ലോകായുക്തയും ഉപ ലോകായുക്തയും ഉന്നയിച്ചത്.
ഇത്രയും മോശം വാദം ഇതിനു മുൻപ് ഒരു കേസിലും കണ്ടിട്ടില്ലെന്ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് ഹർജിക്കാരന്‍റെ അഭിഭാഷകനോട് പറഞ്ഞു. പുച്ഛ ഭാവത്തിലാണ് ലോകായുക്തയ്ക്ക് മുൻപിൽ കാര്യങ്ങൾ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബഹുമാനമില്ലാതെയാണ് ഹർജിക്കാരന്‍റെ അഭിഭാഷകൻ പെരുമാറിയതെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
കോടതി മുറിക്കുള്ളിൽ ജഡ്‌ജിമാരോട് മാന്യമായി പെരുമാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വക്കീൽ കോട്ടിടുന്ന സമയം വരെ വക്കീലായി പ്രവർത്തിക്കണം. മാധ്യമങ്ങൾ പറയുന്നതനുസരിച്ച് വിധി പറയാൻ കഴിയില്ല. ഏത് കേസ് ആണെങ്കിലും മെറിറ്റ് അനുസരിച്ചായിരിക്കും വിധി പറയുകയെന്നും സിറിയക് ജോസഫ് പറഞ്ഞു.
അതേസമയം പരാതിക്കാരനായ ആർഎസ് ശശികുമാറിനെയും മാധ്യമങ്ങളെയും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിമർശിച്ചു. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ ആർ.എസ് ശശികുമാർ എവിടെയൊക്കെയോ എന്തൊക്കെയോ ഇരുന്നു വിളിച്ചു പറയുന്നു. അത് കൊടുക്കാൻ മാധ്യമങ്ങളുമുണ്ട്. ആരോടും പരിഭവമോ പ്രശ്‌നങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹർജിയുടെ സാധുത വീണ്ടും പരിശോധിക്കണമെന്ന ലോകായുക്ത നിലപാടിനെതിരെ ഹർജിക്കാരൻ നൽകിയ ഇടക്കാല ഹർജിയാണ് വിമർശനത്തിനിടയാക്കിയത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ബാബു മാത്യു പി ജോസഫ്, ഹാറൂൺ ഉൾ റഷീദ് എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
സമയം കളയുന്നുവെന്ന് ലോകായുക്ത : ഹർജിക്കാരൻ ലോകായുക്തയുടെ വിലപ്പെട്ട സമയം കളയുന്നുവെന്ന് മൂന്നംഗ ബഞ്ച് വിമർശിച്ചു. കേസ് നീട്ടിക്കൊണ്ട് പോകുന്നതിൽ എന്തെങ്കിലും കുത്തിത്തിരിപ്പ് ലക്ഷ്യമുണ്ടാകുമെന്നും മൂന്നംഗ ബഞ്ചിന് വീണ്ടും ആരോപണങ്ങൾ അന്വേഷിക്കാൻ കഴിയുമെന്നും ലോകായുക്ത നിരീക്ഷിച്ചു.
കേസിന്‍റെ നടപടിക്രമങ്ങൾ ഇപ്പോൾ പോകുന്നത് ശരിയായ രീതിയിലാണെന്നും വിശാല ബഞ്ച് കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുക തന്നെ വേണമെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി വാദിച്ചു. ഹർജിക്കാരനായ ആർ എസ് ശശികുമാറും അദ്ദേഹത്തിന്‍റെ അഭിഭാഷകനായ ജോർജ് പൂന്തോട്ടവും ഹാജരായില്ല.
പകരം ജൂനിയർ അഭിഭാഷകനായ സുബൈർ കുഞ്ഞാണ് ഹാജരായത്. സുബൈർ കുഞ്ഞിനോട് ലോകായുക്ത ക്ഷുഭിതനായി. നിയമം അറിയില്ലെങ്കിൽ വീണ്ടും എൽഎൽബിക്ക് പോകണമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. ഇടക്കാല ഹർജി നൽകിയത് കേസ് നീട്ടാനാണോ എന്ന് ലോകായുക്തയും ഉപ ലോകായുക്തമാരും ചോദിച്ചു.
ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവിൽ ഇനി എന്ത് വ്യക്തതയാണ് വേണ്ടത്. ഹൈക്കോടതിയിൽ പോയിട്ട് എന്തായെന്നും നിങ്ങൾ ഒരു അഭിഭാഷകനെ പോലെ പെരുമാറൂ എന്നും ലോകായുക്ത പറഞ്ഞു. കുത്തിത്തിരിപ്പുണ്ടാക്കാൻ ഓരോ പരാതിയുമായി വരുന്നുവെന്നും ലോകായുക്ത കുറ്റപ്പെടുത്തി.