തിരുവന്തപുരം:ഉദ്യോഗസ്ഥരുടെ ക്രമവിരുദ്ധ ചെയ്തികളെ സർക്കാറിന്‍റെ തലയിൽ കെട്ടിവച്ച് ദുർഗന്ധം വരുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കറെ കാട്ടി സർക്കാറിനെതിരെ യുദ്ധം ചെയ്യേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറെ കാണിച്ച് സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യേണ്ട: പിണറായി വിജയന്‍ സ്വർണക്കടത്ത് കേസിനെ വക്രീകരിച്ച് മുഖ്യമന്ത്രിയുടെയും സർക്കാറിന്‍റെയും തലയിൽ വയ്ക്കാൻ ശ്രമം ഇപ്പോഴും തുടരുകയാണ്. ശിവശങ്കറെ തനിക്ക് മുന്‍പരിചയമില്ല. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് നിർദേശിക്കപ്പെട്ട പേരിൽ ഒരാൾ മാത്രണ് അദ്ദേഹം. അതിൽ സംശയിക്കാൻ ഒന്നുമില്ലായിരുന്നു. ശിവശങ്കറെ നിർദേശിച്ചത് പാർട്ടിയല്ല. ക്രമവിരുദ്ധമായി ഒന്നും ചൂണ്ടി കാണിക്കാൻ ആരോപണം ഉന്നയിച്ചവർക്ക് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
വ്യക്തിപരമായ പ്രശ്നങ്ങളെ സർക്കാറിന്‍റെ തലയിൽ വയ്ക്കണ്ട. ഒരു അഴിമതിയും സർക്കാർ വച്ച് പൊറുപ്പിക്കില്ല. സ്വർണക്കടത്ത് കേസിലെ പ്രതിയുമായി ശിവശങ്കറിന് അടുപ്പമുണ്ടെന്ന് കണ്ടപ്പോൾ തന്നെ നടപടിയെടുത്തു. ഇക്കാര്യങ്ങളിൽ സർക്കാറിനെ കുറ്റപ്പെടുത്താൻ ഒന്നുമില്ല.
നിയമത്തിന് അതീതമായി മനഃസാക്ഷിയെ കോടതിയായി പ്രതിഷ്ഠിക്കാൻ സർക്കാർ തയാറായില്ല. അതാണ് മുൻ യു.ഡി.എഫ് സർക്കാറിൽ നിന്ന് അഴിമതിയുടെ കാര്യത്തിൽ ഇടത് സർക്കാറിനെ വേറിട്ട് നിർത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം സ്വതന്ത്രമായി നടക്കട്ടെ എന്നത് തന്നെയാണ് നിലപാട്. ശരിയായ ദിശയിലെ അന്വേഷണത്തെ എതിർത്തിട്ടില്ല. നിയമം തെറ്റിയാൽ നിയമത്തിന്‍റെ വഴിതേടും. നിയമപരമല്ലാത്ത ഒന്നിനെയും സംരക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.