തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രണ്ടാം ദിവസവും ചോദ്യം ചെയ്ത് വിട്ടയച്ചു. വെള്ളിയാഴ്‌ച രാവിലെ പത്തു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 9.30തോടെയാണ് പൂർത്തിയായത്.
സിഎം രവീന്ദ്രനെ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു
സ്വര്‍ണക്കടത്ത് കേസില്‍ ഇതിനകം 25 മണിക്കൂറോളമാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി. ചോദ്യം ചെയ്തത്
വ്യാഴാഴ്ച പതിനാല് മണിക്കൂറോളം സി.എം.രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് രണ്ട് ദിവസവും മൊഴിയെടുത്തത്.സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സി.എം. രവീന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തിയത്.
കള്ളപ്പണ ഇടപാടിൽ സി.എം. രവീന്ദ്രന് പങ്കുണ്ടോയെന്നാണ് ഇ.ഡി. പരിശോധിക്കുന്നത്. അദ്ദേഹം നൽകിയ മൊഴികളും, രേഖകളും വിലയിരുത്തിയായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. മൊഴികളിൽ വൈരുധ്യമുണ്ടങ്കിൽ വീണ്ടും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. ഇതിനകം 25 മണിക്കൂറോളമാണ് സി.എം രവീന്ദ്രനെ ഇ.ഡി. ചോദ്യം ചെയ്തത്.
ഇ.ഡി നൽകിയ നോട്ടീസിനെതിരെ സി.എം. രവീന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനും അദ്ദേഹത്തിന്‍റെ സംഘാംഗങ്ങൾക്കും പങ്കുണ്ടെന്ന് ഇ.ഡി. നേരത്തെ തന്നെ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെയും ഇ.ഡി ചോദ്യം ചെയ്തത്.