തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രവീന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. ഒരാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നും ഇപ്പോൾ കഴിക്കുന്ന മരുന്നുകൾ കഴിച്ചാൽ മതിയെന്നും മെഡിക്കൽ ബോർഡ് നിർദേശം നൽകി. രവീന്ദ്രൻ്റെ പരിശോധന നടത്തിയ ഫിസിക്കൽ മെഡിസൻ വിഭാഗത്തിൻ്റെ അടക്കം റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് മെഡിക്കൽ ബോർഡ് ഇത്തരമൊരു തീരുമാനമെടുത്തത്.
സി എം രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനം - Gold Smuggling
രവീന്ദ്രൻ്റെ പരിശോധന നടത്തിയ ഫിസിക്കൽ മെഡിസൻ വിഭാഗത്തിൻ്റെ അടക്കം റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് മെഡിക്കൽ ബോർഡ് ഇത്തരമൊരു തീരുമാനമെടുത്തത്.
രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം പോസ്റ്റ് കൊവിഡ് സെന്‍ററിൽ പരിശോധന വേണമെന്ന് മെഡിക്കൽ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. രവീന്ദ്രന് കഴുത്തിനും ഡിസ്കിനും പ്രശ്നങ്ങളുണ്ടെന്ന് എം.ആർ.ഐ സ്കാനിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയൊന്നും ശസ്ത്രക്രിയ അടക്കമുള്ള അടിയന്തര ചികിത്സ ആവശ്യമുള്ളതല്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രവീന്ദ്രനെ ഇന്ന് വൈകുന്നേരത്തോടെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്യും.
രവീന്ദ്രൻ്റെ ആരോഗ്യ നില തൃപ്തികരമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടൻ രവീന്ദ്രന് നോട്ടീസ് നൽകും. മൊഴി നൽകാൻ രവീന്ദ്രൻ ഉടൻ തന്നെ ഹാജരായേക്കും. നേരത്തെ മൂന്ന് തവണ ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. ആദ്യ തവണ നോട്ടീസ് ലഭിച്ചപ്പോൾ കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടി. രണ്ടാം തവണയും മൂന്നാം തവണയും നോട്ടീസ് ലഭിച്ചപ്പോഴും കൊവിഡാനന്തര പ്രശ്നങ്ങൾ ഒന്നിച്ചാണ് രവീന്ദ്രൻ മെഡിക്കൽ കോളജിൽ പ്രവേശിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സാവകാശം തേടി രവീന്ദ്രൻ ഇഡിക്ക് കത്തു നൽകിയിട്ടുണ്ട്.