തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിഎം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ ചികിത്സ തേടിയത്. ഇത് മൂന്നാംതവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രവീന്ദ്രന് നോട്ടീസ് നൽകുന്നത്.
സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മൂന്നാംതവണയാണ് സിഎം രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്
ആദ്യവട്ടം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ കൊവിഡ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് ചികിത്സയും നിരീക്ഷണ കാലയളവും പൂർത്തിയാക്കിയശേഷം വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി. എന്നാൽ കൊവിഡാനന്തര പ്രശ്‌നങ്ങൾക്കുള്ള ചികിത്സയ്ക്കായി രവീന്ദ്രനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മൂന്നാം വട്ടമാണ് ഇപ്പോൾ രവീന്ദ്രന് നോട്ടീസ് നൽകുന്നത്. ഇപ്പോഴും കൊവിഡാനന്തര ചികിത്സയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് രവീന്ദ്രനെ പ്രവേശിപ്പിച്ചിരിക്കുന്നത്.