തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒമ്പത്, കാസര്‍കോട്, മലപ്പുറം എന്നിവിടങ്ങളില്‍ മൂന്ന് വീതം, തൃശൂരില്‍ രണ്ട്, ഇടുക്കി, വയനാട് എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി. വയനാട്ടില്‍ ആദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിലവില്‍ 1,20,003 പേരാണ് നിരീക്ഷണത്തിലുള്ളത്. വ്യാഴാഴ്‌ച 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീചിത്രയിലെ ഡോക്‌ടര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പത്തനംതിട്ടയില്‍ ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊവിഡ് - യുവജന കമ്മീഷന്‍
18:01 March 26
വയനാട്ടില്‍ ആദ്യ കൊവിഡ് സ്ഥിരീകരിച്ചു
കേന്ദ്ര പാക്കേജ് സ്വാഗതാര്‍ഹമാണ്. പാക്കേജ് കേരളത്തിന് സഹായകരമാകും. കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദനമറിയിച്ചിട്ടുണ്ട്. കൊവിഡ് ഭീഷണി എത്ര കടുത്താലും അതിനെ നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. 22-44 വയസുവരെയുള്ളവരുടെ സന്നദ്ധസേന ഉണ്ടാക്കും. ഇവര്‍ ത്രിതല പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കും. ഇവര്‍ക്ക് ഓണ്‍ലെന്‍ രജിസ്‌ട്രേഷന്‍ നടപ്പാക്കും. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഒറ്റപ്പെട്ടവരെ സഹായിക്കാന്‍ യുവജന കമ്മീഷന്‍ 1,465 പേരെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും 60 വയസിന് മുകളിലുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ പ്രത്യേകമായി പരിഗണിക്കും. 43 തദ്ദേശസ്ഥാപനങ്ങളില്‍ സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. ക്ഷേമപെന്‍ഷനുകൾ വെള്ളിയാഴ്‌ച മുതല്‍ നല്‍കി തുടങ്ങും. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കും. വിലക്കയറ്റം സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടുണ്ട്. സാധനങ്ങൾക്ക് വില കൂട്ടി നല്‍കുന്നത് അനുവദിക്കാനാകില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സാധനങ്ങൾ എത്തിക്കാനുള്ള സംവിധാനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസിന്‍റെ ഇടപെടല്‍ ഫലം കണ്ടിട്ടുണ്ടെങ്കിലും ജനങ്ങളോട് മോശമായി ഇടപെടുന്ന ഒരു വിഭാഗം നല്ല നിലയില്‍ ജോലി ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന്‍റെ ശോഭ കെടുത്തുന്നു. പൊലീസ് ചിലയിടങ്ങളില്‍ അതിരുവിടുന്നുവെന്ന ആക്ഷേപമുയരുന്നുണ്ട്. ആരോഗ്യപ്രവവര്‍ത്തകരെ പോലും തടയുന്ന സംഭവം, ചില പൊലീസുകാരുടെ സംസാര രീതി ഇതൊക്കെ സംസ്ഥാനത്തിന്‍റെ പൊതുമതിപ്പിന് ചേരാത്തതാണ്. ആരെങ്കിലും ഇത്തരം പ്രവൃത്തി സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായി ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരെ ഒരു കാരണവശാലും തടയാന്‍ പാടില്ല. അവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ നല്‍കിയാല്‍ മതി.
നാല് ശതമാനം പലിശക്കുള്ള സ്വര്‍ണവായ്‌പാ തിരിച്ചടവ് ആര്‍ബിഐ ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. അവശ്യസാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങൾ അതിര്‍ത്തി കടത്തിവിടും. ഇവയുടെ പെര്‍മിറ്റ് ഒഴിവാക്കി. ഭക്ഷണസാധനങ്ങളും അവശ്യവസ്‌തുക്കളും കൊണ്ടുപോകുന്നതിന് തടസമുണ്ടാകാന്‍ പാടില്ല. ഇക്കാര്യം പൊലീസ് പ്രത്യേകം ശ്രദ്ധിക്കണം. മൃഗസംരക്ഷണവും ക്ഷീരവികസനവും അവശ്യസേവനങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമുണ്ടാകില്ല. ഏഴ് മുതല്‍ അഞ്ച് വരെയാണ് ഈ സമയക്രമം. ബേക്കറികളും തുറന്നുപ്രവര്‍ത്തിക്കാം. ഭക്ഷണം തയ്യാറാക്കന്‍ 800 ഹോട്ടലുകൾ വിട്ടുനല്‍കുമെന്ന് ഹോട്ടലുടമകളുടെ അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനതൊഴിലാളികളെ താമസസ്ഥലത്ത് നിന്നും പുറത്താക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. ഇവര്‍ക്ക് താമസം, ഭക്ഷണം, വൈദ്യസഹായം എന്നിവ ഉറപ്പുവരുത്തണം. ജില്ലാ കലക്‌ടര്‍മാര്‍ ഇക്കാര്യങ്ങൾ ഉറപ്പാക്കണം. മദ്യശാലകൾ പൂട്ടിയതോടെ വ്യാജവാറ്റ് ആരംഭിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് തടയാന്‍ എക്‌സൈസ് കര്‍ശന നടപടി സ്വീകരിക്കും. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് മൊബൈല്‍ ഫോണുകൾ റീചാര്‍ജ് ചെയ്യുന്നതടക്കമുള്ള സംവിധാനങ്ങളൊരുക്കും. 2012ന് ശേഷം വിരമിച്ച ഡോക്‌ടര്‍മാരുടെ വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സേവനം കേരളത്തിന് ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.