സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കേരള ഫാര്‍മസ്യൂട്ടിക്കല്‍
18:04 March 25
നിലവില്‍ 112 പേര്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളത്ത് മൂന്ന്, പാലക്കാടും പത്തനംതിട്ടയിലും രണ്ട് വീതം, ഇടുക്കിയിലും കോഴിക്കോടും ഓരോത്തര്‍ക്ക് വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ നാല് പേര്‍ ദുബൈയില്‍ നിന്നും ഒരാൾ യുകെയില്‍ നിന്നും ഒരാൾ ഫ്രാന്‍സില്‍ നിന്നുമാണ് എത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്തും തൃശൂരും ചികിത്സയിലായിരുന്ന ഓരോ വ്യക്തികളെ ബുധനാഴ്‌ച ആശുപത്രിയിൽ നിന്നും ഡിസ്‌ചാര്‍ജ് ചെയ്‌തു. 112 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിലുള്ളത്. 76,542 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 532 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ബുധനാഴ്‌ച മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് എല്ലാ പഞ്ചായത്ത്, നഗരസഭാ മേഖലകളും കേന്ദ്രീകരിച്ച് സമൂഹ അടുക്കളയെന്ന സംവിധാനം ആരംഭിക്കും. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് നിശ്ചിത ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ സമൂഹ അടുക്കളയില്‍ നിന്നും ഭക്ഷണം വീട്ടിലെത്തും. സമൂഹ അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ആളുകളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കും. സംസ്ഥാന അതിര്‍ത്തികള്‍ സര്‍ക്കാര്‍ അടച്ചു. സാനിറ്റൈസറുകളും എട്ട് വിഭാഗം മരുന്നുകളും ഉത്പാദിപ്പിക്കുന്നതിന് ടെണ്ടര്‍ നടപടികളില്‍ കേരള ഫാര്‍മസ്യൂട്ടിക്കല്‍ ഇളവ് പ്രഖ്യാപിക്കും. വീടിന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ പാസോ കരുതണം. ന്യായമായ കാര്യങ്ങള്‍ക്കേ പുറത്തിറങ്ങാവൂ. സൗഹൃദ സന്ദര്‍ശനങ്ങൾ ഒഴിവാക്കണം. പകര്‍ച്ച വ്യാധി തടയുന്നതിന് ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.