കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് - നിസാമുദ്ദീന്‍ മതചടങ്ങ്

cm press meet  മുഖ്യമന്ത്രി പിണറായി വിജയന്‍  കാസര്‍കോട് കൊവിഡ്  നിസാമുദ്ദീന്‍ മതചടങ്ങ്  റേഷന്‍ വിതരണം
സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്

By

Published : Mar 31, 2020, 6:05 PM IST

Updated : Apr 1, 2020, 9:23 AM IST

18:01 March 31

രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 215

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരു‍ത്തര്‍ക്ക് വീതവുമാണ് രോഗബാധ. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേരുടെ വീതം ഫലം നെഗറ്റീവായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 215 ആയി. നിലവില്‍ 1,69,129 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7,485 പേരുടെ സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ഇതില്‍ 6,381 ഫലം നെഗറ്റീവാണ്. കൊവിഡ് പ്രതിരോധം തൃപ്‌തികരമാണ്. വിവരങ്ങൾ ആരും മറച്ചുവെക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച മലയിന്‍കീഴ് സ്വദേശിയുടെ മക്കൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോട് ജില്ലക്കായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. പഞ്ചായത്ത് തലത്തില്‍ വിവരങ്ങൾ ശേഖരിച്ച് പരിശോധനക്ക് അയക്കും. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ കൊവിഡ് പരിശോധനക്ക് അനുമതി ലഭിച്ചു. നിസാമുദ്ദീനില്‍ മതചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നും 70 പേര്‍ പങ്കെടുത്തതായാണ് ലഭിച്ച വിവരം. മലപ്പുറത്തെ 18 പേരെ കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നും രണ്ട് പേര്‍ പങ്കെടുത്തു. 

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. പൂജ്യം, ഒന്ന് അക്കങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്കാണ് നാളെ മുതല്‍ റേഷന്‍ വിതരണം. രണ്ട്, മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ രണ്ടിനും നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ മൂന്നിനും ആറ്, ഏഴ് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ നാലിനും എട്ട്, ഒമ്പത് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏപ്രില്‍ അഞ്ചിനുമായിരിക്കും റേഷന്‍ വിതരണം. ഈ ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് അവസരം നല്‍കും. റേഷന്‍ കടകളില്‍ ഒരേസമയം അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ വിഭാഗത്തിനാണ് വിതരണം. ഉച്ചക്ക് ശേഷം മുന്‍ഗണനേതര വിഭാഗങ്ങൾക്കും റേഷന്‍ വിതരണം ചെയ്യും. 

മദ്യത്തിനായി കുറിപ്പടി നല്‍കാന്‍ ഡോക്‌ടര്‍മാരെ നിര്‍ബന്ധിക്കില്ല. മദ്യാസക്തിയുള്ളവര്‍ അതില്‍ നിന്നും മോചനം നേടാന്‍ ശ്രമിക്കണം. അതിഥി തൊഴിലാളികൾക്ക് തിരിച്ചറിയല്‍ കാര്‍ഡുകൾ നല്‍കും. അവശ്യവസ്‌തുക്കൾക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കും. വിലക്കയറ്റം തടയാന്‍ വിജിലന്‍സിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പാചകവാതകത്തിന്‍റെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് മറ്റുള്ളവരെ വിഡ്‌ഢികളാക്കുന്ന തരത്തിലുള്ള തമാശകൾ പാടില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Last Updated : Apr 1, 2020, 9:23 AM IST

ABOUT THE AUTHOR

...view details