സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് വാര്‍ത്താസമ്മേളനം
17:50 April 07
ഇതോടെ കൊവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 263 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് നാല്, കണ്ണൂര്‍ മൂന്ന്, കൊല്ലം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗബാധ. വിദേശത്ത് നിന്നുമെത്തിയ നാല് പേര്‍ക്കും നിസാമുദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ക്കുമാണ് രോഗബാധ. ബാക്കിയുള്ള മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂർ അഞ്ച്, എറണാകുളം നാല്, തിരുവനന്തപുരം, ആലപ്പുഴ, കാസർകോട് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതവുമാണ് രോഗമുക്തരായത്. ഇതോടെ കൊവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 263 ആയി. 336 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 1,46,686 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിൽ 752 പേർ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 131 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 11,232 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 10,250 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.
നിപ വൈറസിനെതിരെ പോരാടി മരിച്ച ലിനി, കൊവിഡിനെ പ്രതിരോധിച്ച രേഷ്‌മ മോഹന്‍ദാസ് തുടങ്ങിയ നഴ്‌സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ലോക ആരോഗ്യദിനത്തില്‍ ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. മുംബൈയിലും ഡല്‍ഹിയിലും മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രതിസന്ധികൾ ആശങ്കയിലാക്കുന്നു. ലോക് ഡൗണ്‍ ലഘൂകരണത്തിനുള്ള വിദഗ്‌ധ സമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്കില്‍ പ്രശ്‌നമില്ല. ചരക്ക് ഗതാഗതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കര്‍ഷകരെ സഹായിക്കാന്‍ കൃഷിവകുപ്പ് പച്ചക്കറികൾ സംഭരിക്കും. വ്യാപാരികൾ കേരളത്തിലെ കര്‍ഷകരില്‍ നിന്നും പഴം, പച്ചക്കറികൾ സംഭരിക്കണം. ഗുരുതരപ്രശ്‌നങ്ങളാണ് മത്സ്യപരിശോധനയില്‍ കണ്ടെത്തിയത്. കേടായ മത്സ്യം വില്‍ക്കുന്നത് തടയാന്‍ കര്‍ശന നടപടിയെടുക്കും. ലോക് ഡൗണ്‍ മറവില്‍ ഭാരതപ്പുഴയില്‍ നടത്തുന്ന മണല്‍കടത്തിനെതിരെയും നടപടിയെടുക്കും. കേരളത്തിന് കേന്ദ്രം നല്‍കിയ തുക അപര്യാപ്‌തമാണ്. എംപിമാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ എംപിമാരുടെ ഫണ്ട് നിര്‍ത്തലാക്കിയത് പ്രാദേശിക വികസനത്തെ ബാധിക്കും. എംപി ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ട പണമാണ്. ഇത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങൾക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ ഞായറാഴ്‌ചയും മൊബൈല്‍ റീചാര്‍ജ് ഷോപ്പുകൾ തുറക്കും. വര്‍ക്ക് ഷോപ്പുകൾ, സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പുകൾ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കും. മലബാറിലെ ദേവസ്വം ജീവനക്കാരുടെ ക്ഷേമത്തിന് അഞ്ച് കോടി രൂപ വിതരണം ചെയ്യും. മൃഗശാലകൾ അണുവിമുക്തമാക്കും. സമൂഹ അടുക്കളകളുടെ പേരില്‍ മത്സരം പാടില്ല. ഇവയുടെ നടത്തിപ്പില്‍ ജില്ലാ ഭരണകൂടം ഫലപ്രദമായി ഇടപെടണം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 238 ജനകീയ ഹോട്ടലുകൾ തുറന്നിട്ടുണ്ട്. വായനശാലകൾ പുസ്‌തകങ്ങൾ വീടുകളിലെത്തിക്കും. ഇലക്‌ട്രീഷ്യന്മാരെ വീടുകളിലേക്ക് റിപ്പയറിങ്ങിന് പോകാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.