തിരുവനന്തപുരം: സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 164 ആയി ഉയര്‍ന്നു. കാസര്‍കോട് മാത്രം 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ രണ്ട്, തൃശൂര്‍, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധ. ഇതില്‍ 25 പേരും ദുബൈയില്‍ നിന്നുമെത്തിയവരാണ്. സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. കാസര്‍കോട്ട് നിയന്ത്രണങ്ങൾ ശക്തമാക്കും. അടിയന്തര നടപടികൾ സ്വീകരിക്കും. ഇതുവരെ 81 കാസര്‍കോട് സ്വദേശികൾക്ക് രോഗം ബാധിച്ചു. നിലവില്‍ 1,10299 പേര്‍ കൊവിഡ് നിരീക്ഷണത്തിലാണ്. വെള്ളിയാഴ്‌ച 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കൊവിഡ് - കേരളാ കൊവിഡ്
18:03 March 27
കാസര്‍കോട് മാത്രം 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊല്ലത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കണം. കൊവിഡിനെ പ്രതിരോധിക്കാന്‍ ക്യൂബയില്‍ നിന്നുള്ള മരുന്ന് എത്തിക്കാനുള്ള അനുമതി തേടും. റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി തേടിയിട്ടുണ്ട്. ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച പ്രാദേശിക നേതാവ് നിരവധി പ്രമുഖരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവുമടക്കം ഇയാൾ സന്ദര്‍ശിച്ചു. രോഗം സ്ഥിരീകരിച്ച മറ്റുള്ളവരും ഒരുപാട് സ്ഥലങ്ങളിലൂടെ യാത്ര നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലാ ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കി മാറ്റും. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റും. ഇവിടുത്തെ മെഡിക്കല്‍ കോളജ് കെട്ടിടം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും. തൊണ്ടവേദന, പനി, ശ്വാസതടസം എന്നീ രോഗലക്ഷണമുള്ളവര്‍ ആശുപത്രികളുമായി ബന്ധപ്പെടണം. പ്രായമായവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. മറ്റ് അസുഖബാധിതരും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.
കര്‍ണാടക അതിര്‍ത്തിയില്‍ ഗതാഗതം മണ്ണിട്ട് തടസപ്പെടുത്തിയത് കാരണം കാസര്‍കോട്ടെ രോഗികൾക്ക് പോലും അതിര്‍ത്തി കടന്ന് കര്‍ണാടകയിലേക്ക് പോകാന്‍ സാധിക്കുന്നില്ല. കര്‍ണാടകയുമായി ഇക്കാര്യങ്ങൾ ചര്‍ച്ച നടത്തിയിരുന്നു. മണ്ണ് നീക്കാമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിക്കുന്നതില്‍ പൊലീസിന്‍റെ ഇടപെടല്‍ ഫലപ്രദമാണ്. നിയന്ത്രണം തുടരും. സത്യവാങ് മൂലം നല്‍കി പുറത്തിറങ്ങാം. കബളിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. മദ്യവിതരണത്തിന് മറ്റുവഴികൾ തേടും. ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്. അമിത മദ്യാസക്തിയുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കും. സ്വര്‍ണപണയ ലേലവും നടപടികളും നിര്‍ത്തിവെക്കണം. ഓട്ടോ-ടാക്‌സികൾ അമിത വില ഈടാക്കരുത്. പല ആയുര്‍വേദശാലകളും അടഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തുറന്നുപ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
എസ്‌എസ്‌എല്‍സി ഉത്തരക്കടലാസുകളുൾപ്പെടെ സ്‌ട്രോങ് റൂമിലേക്ക് മാറ്റും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസ് അടക്കുന്നതിനുള്ള കാലാവധി നീട്ടും. പൊലീസ് പരിശോധനകളെ കുറിച്ചുള്ള ആക്ഷേപങ്ങൾ സ്വാഭാവികമാണ്. പൊലീസുകാര്‍ ജനങ്ങൾക്ക് നേരെ ബലം പ്രയോഗിക്കരുത്. പൊതുജനങ്ങൾ പൊലീസുകാരെ സഹായിക്കണം. ഇവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം. തെരുവുനായകൾക്ക് ഭക്ഷണം ലഭിക്കാതായാല്‍ അവ അക്രമാസക്തമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇവക്കും ഭക്ഷണം ലഭ്യമാക്കാനുള്ള സംവിധാനം ആരംഭിക്കും. കാവുകളിലെ കുരങ്ങുകൾക്കും ഇത്തരത്തില്‍ ഭക്ഷണം ലഭിക്കാതായിട്ടുണ്ട്. ഇക്കാര്യം ക്ഷേത്രാധികാരികൾ ശ്രദ്ധിക്കണം. നിലവിലെ പ്രതിസന്ധി മറിക്കടക്കാന്‍ ഏറെ പ്രയത്നം ആവശ്യമാണ്. ഇത് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല. സാധ്യമായ എല്ലാവരും സര്‍ക്കാരിലേക്ക് സംഭാവന നല്‍കാനും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.