തിരുവനന്തപുരം:കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് നാല് മണിക്ക് നിയമസഭ കോംപ്ലക്‌സിലെ ആര്‍ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ ഫോണ്‍ നാടിന് സമര്‍പ്പിക്കുക. ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍ കെ ഫോണിന്‍റെ കൊമേര്‍ഷ്യല്‍ വെബ് പേജും തദ്ദേശ സ്വയം ഭരണ എക്‌സൈസ് ഗ്രാമവികസന വകുപ്പ് മന്ത്രി എംബി രാജേഷ് മൊബൈല്‍ ആപ്ലിക്കേഷനും ലോഞ്ച് ചെയ്യും.
വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി, കെ ഫോണ്‍ മോഡം പ്രകാശനം ചെയ്യുക. ചടങ്ങില്‍ തെരഞ്ഞെടുത്ത കെ ഫോണ്‍ ഉപഭോക്താക്കളുമായി മുഖ്യമന്ത്രിയുടെ സംവാദവുമുണ്ടാകും. ഓണ്‍ലൈനായാകും സംവാദം. വയനാട് പന്താലിക്കുന്ന് ആദിവാസി കോളനിയിലെ ജനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സംവാദത്തില്‍ പങ്കെടുക്കും.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ ഓഫിസുകളിലും 14,000 വീടുകളിലുമാകും കെ ഫോണ്‍ കണക്ഷന്‍ നൽകുക. ഫൈബര്‍ ശ്യംഖലയിലൂടെ സംസ്ഥാനത്തുടനീളം അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനുദ്ദേശിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യഘട്ടത്തില്‍ ഓരോ നിയമസഭ മണ്ഡലത്തിലെ നൂറ് വീടുകളില്‍ കെ ഫോണ്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നൽകും.
40 ലക്ഷം ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ കെ ഫോണ്‍ മുഖാന്തരം നൽകാനുള്ള ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ സജ്ജീകരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. 20 എംബിപിഎസിലാകും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുക. പിന്നീട് ഇന്‍റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാനുള്ള സൗകര്യവും ഉള്‍പ്പെടുത്തും.