തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്കൂളുകള്‍ തുറക്കാന്‍ സാഹചര്യം അനുകൂലമല്ല. അതുവരെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സര്‍ക്കാരിനു നിര്‍ബന്ധമുള്ളതിനാല്‍ നിലവിലെ ഓണ്‍ലൈന്‍ പഠനം തുടരും. സാഹചര്യം അനുകൂലമാകുമ്പോള്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ 16027 സ്‌കൂളുകളെ ഹൈടെക് വിദ്യാലയങ്ങളാക്കിയതിന്‍റെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി
അനുകൂല സാഹചര്യം ഉണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ പഠനം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ അഞ്ച് ലക്ഷം കുട്ടികളാണ് വര്‍ധിച്ചത്. പൊതു വിദ്യാഭ്യാസ മേഖലയില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറുമ്പോഴാണ് കേരളം ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് തന്നെ മാതൃക സൃഷ്ടിച്ചത്. പൊതു വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണം എന്നതാണ് നിലപാട്. ഭാഗ്യമുള്ളവര്‍ക്ക് മാത്രമുള്ള അവസരമായി വിദ്യാഭ്യസം മാറരുതെന്ന് സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്. ഇത് കേരളം മുന്നോട്ടു വെയ്ക്കുന്ന മാതൃകയും ഇടതു ബദലുമാണ്. ഇന്ത്യയിലെ മുഴുവന്‍ പൊതു വിദ്യാലയങ്ങളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമായി ഇതോടെ കേരളം മാറി. ഇതിനായി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും സഹകരിച്ചെങ്കിലും ചിലര്‍ എതിര്‍പ്പുമായി ഇപ്പോള്‍ രംഗത്തു വരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.