തിരുവനന്തപുരം:ശബരിമല വിമാനത്താവളത്തിനായി കാഞ്ഞിരപ്പിള്ളി താലൂക്കിലെ മണിമല, എരുമേലി സൗത്ത് വില്ലേജുകളിലായി 2,750 ഹെക്ടറോളം ഭൂമി ഏറ്റെടുക്കുമെന്നും പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. 3,411 കോടി രൂപയാണ് പദ്ധതിയുടെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്രാനുമതി ലഭിച്ച ഉടന് പ്രവര്ത്തനങ്ങള് തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി(Cm Pinarayi Vijayan Press Meet On Navakerala Sadas At Thiruvananthpuram).
"നവകേരള സദസ്സ്" എന്ന ഈ ജനകീയ സംവാദ പരിപാടി ജനാധിപത്യ ഭരണ നിർവ്വഹണ ചരിത്രത്തിലെ അത്യപൂർവ്വമായ അധ്യായമായി മാറി. ഈ യാത്രയിൽ ജനങ്ങളെ കാണുന്നതിനോടൊപ്പം കഴിഞ്ഞ വർഷങ്ങളിൽ പൂർത്തിയാക്കിയ വികസന നടപടികൾ നേരിട്ട് വിലയിരുത്താനും മന്ത്രിമാർ ശ്രമിച്ചിട്ടുണ്ട്.
പൈവെളിഗെയിൽ ഉദ്ഘാടന വേദിയിലേക്ക് പോകുമ്പോൾ വാഹനം നിർത്തി ഞങ്ങൾ ദേശീയ പാതാ വികസനത്തിന്റെ പൂർത്തീകരണ രംഗങ്ങൾ കണ്ടു. കാസർഗോഡ് തലപ്പാടി മുതൽ കേരളത്തിൻ്റെ അടിസ്ഥാനസൗകര്യ മേഖലയിൽ വൻകുതിപ്പു സൃഷ്ടിക്കാൻ ഈ പാത കൊണ്ട് സാധിക്കും. മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതി സാധ്യമായത് 2016 ലെ സർക്കാരിൻ്റെ ഇടപെടൽ കാരണമാണ്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത വിധം സ്ഥലം ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാര തുകയിൽ 25 ശതമാനം സംസ്ഥാനം വഹിക്കേണ്ടി വന്നു. ഇതുവരെ കിഫ്ബി വഴി 5,580.74 കോടി രൂപ സംസ്ഥാനം ചെലവഴിച്ചിട്ടുണ്ട്. 2025 ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത വികസനം നമ്മുടെ നേട്ടങ്ങളുടെ ഒരു ഭാഗം മാത്രമാണ്. പുതുവൈപ്പിനിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽ പി ജി ഇമ്പോർട്ട് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയായി. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് കണക്ഷൻ എത്തിക്കുന്ന നടപടി വിവിധ ജില്ലകളിൽ പുരോഗമിക്കുന്നു. അതോടൊപ്പം സി എൻ ജി സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും സംസ്ഥാനത്ത് അതിവേഗം നടക്കുന്നുണ്ട്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകൾ സ്ഥാപിക്കുന്നതിനായി ആദ്യ കപ്പലുകൾ എത്തിച്ചേർന്നിട്ടുണ്ട്. 2024 ൽ തുറമുഖം കമീഷൻ ചെയ്യാൻ സാധിക്കും. വിഴിഞ്ഞം പദ്ധതി പൂർത്തീകരണത്തിന്റെ ഭാഗമായി വിപുലമായ തലസ്ഥാന മേഖല വികസന പരിപാടിക്ക് സര്ക്കാര് തുടക്കം കുറിക്കും. വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് ഇതിന്റെ ഭാഗമാണ്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ ആറുവരിപ്പാതയും ഇരു വശങ്ങളിലുമായി നോളഡ്ജ് ഹബ്ബുകൾ, വ്യവസായ പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, ടൗൺ ഷിപ്പുകൾ എന്നിവയുമാണ് സർക്കാർ വിഭാവനം ചെയ്യുന്നുന്നത്.
വടക്കേ മലബാറിലെ ബൃഹദ് പദ്ധതിയായ മുഴപ്പിലങ്ങാട് ബീച്ചിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ 2024 ൽ ഉദ്ഘാടനം ചെയ്യും. വിജ്ഞാനാധിഷ്ഠിത സമൂഹം രൂപപ്പെടുത്താനുള്ള ചുവടുവെയ്യ്പിന് കരുത്തേകി ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് ടെക്നോപാർക് ഫേസ് നാലിൽ തുടക്കം കുറിച്ചു. ഈ പദ്ധതിക്കായി അനുവദിച്ചത് 200 കോടി രൂപയാണ്. ഡിജിറ്റൽ സർവ്വകലാശാലയോട് ചേർന്ന് ടെക്നോസിറ്റിയിലെ 14 ഏക്കറിൽ ഏകദേശം 1,515 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ഡിജിറ്റൽ സയൻസ് പാർക്ക് ദീർഘവീഷണത്തിൻ്റെ മറ്റൊരു മാതൃകയാണ്. രണ്ടു വർഷത്തിനുള്ളിൽ 2,50,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള രണ്ട് കെട്ടിടങ്ങൾ പൂർത്തിയാവുകയും പാർക്ക് പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാവുകയും ചെയ്യും.
കേരളത്തെ ലോകത്തിലെ പ്രധാന എയ്റോ സ്പേയ്സ് ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കേന്ദ്രമാക്കി മാറ്റുന്നതിനും ബഹിരാകാശ, വ്യോമയാന, പ്രതിരോധ മേഖലകളിൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേരള സർക്കാരിന്റെ പ്രധാന സംരംഭങ്ങളിലൊന്നാണ് കേരള സ്പേസ് പാർക്ക്സ് പ്രോജക്റ്റ് (കെ സ്പേയ്സ്). തിരുവനന്തപുരം ടെക്നോസിറ്റിയിൽ 20 ഏക്കർ സ്ഥലമാണ് സ്പേസ് പാർക്കിന്റെ പ്രധാന ഓഫിസിനായി അനുവദിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി കണ്ണൂർ ജില്ലയിൽ കല്യാട് വില്ലേജിൽ 311.76 ഏക്കർ സ്ഥലം കണ്ടെത്തുകയും അതിൽ 36.57 ഏക്കർ ഭൂമി ആദ്യഘട്ടം നടപ്പാക്കുന്നതിനു കൈമാറുകയും ചെയ്തു. ഇത് ഇന്ത്യയിലെ തന്നെ എറ്റവും വലിയ ആയുർവേദ വികസനത്തിനും ഗവേഷണത്തിനുമുള്ള ക്രേന്ദ്രമായിരിക്കും.
ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുന്ന കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കായി പാലക്കാടും എറണാകുളത്തുമായി അഞ്ചിടങ്ങളിൽ ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുന്നു. 2,152 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതിൽ ഇതുവരെ 1,240 ഏക്കർ ഏറ്റെടുക്കാൻ കഴിഞ്ഞു. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് 3,815.46 കോടി രൂപയുടെ പദ്ധതി വിഹിതത്തിന് 2023 മാർച്ചിൽ അംഗീകാരം നൽകി. അത് നിലവിൽ കേന്ദ്ര ഗവൺമന്റ് ക്യാബിനറ്റ് പരിഗണനയിലാണ്. വ്യവസായ ഇടനാഴി സാക്ഷാത്കരിക്കപ്പെടുന്നതോടെ പാലക്കാട് ജില്ലയിൽ മാത്രം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടാകാൻ പോകുന്നത്. 585 കോടി നികുതിയിനത്തിൽ സർക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.