തിരുവനന്തപുരം: ദേശീയ തലത്തില്‍ സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ വിതരണത്തിന്‍റെ കണക്കുകള്‍ കുറച്ചു കാണിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും വേഗത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭിച്ചാല്‍ വാക്‌സിന്‍ വിതരണത്തിന്‍റെ വേഗത കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ച് സാമൂഹ്യ പ്രതിരോധ ശേഷി കൈവരിച്ചാല്‍ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണത്തിലെ പാളിച്ചയും വാക്‌സിന്‍ വിതരണത്തിലെ വീഴ്ചയും മൂന്നാം തരംഗത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ അതിവേഗം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ആൾക്കൂട്ടം ഒഴിവാക്കണം, ജാഗ്രത കൈവെടിയരുത്
ഡെല്‍റ്റ വൈറസ് സാധ്യതയുള്ളതു കൊണ്ട് ചെറുതും വലുതുമായ ആള്‍ക്കൂട്ടം ഒഴിവാക്കണം. മൂന്നാം തരംഗം ഉണ്ടായാല്‍ കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. കേവലം നാല് ശതമാനം കുട്ടികളെയാണ് ഇതുവരെ രോഗം ബാധിച്ചത്. മരണനിരക്കും വളരെ കുറവാണ്. എങ്കിലും മള്‍ട്ടി സിസ്റ്റം ഇന്‍ഫര്‍മേറ്ററി സിന്‍ഡ്രോം കുട്ടികളില്‍ കാണുന്നുണ്ട്. അതുകൊണ്ട് കുട്ടികള്‍ക്ക് തീവ്ര പരിചരണം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.