കേരളം

kerala

'കേന്ദ്ര അവഗണനയെ അതിജീവിച്ച് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന ബജറ്റ്' ; പ്രശംസിച്ച് മുഖ്യമന്ത്രി

By

Published : Feb 3, 2023, 9:06 PM IST

കേന്ദ്ര സര്‍ക്കാര്‍ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ അതിജീവിച്ച് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

CM Pinarayi Vijayan  CM Pinarayi Vijayan on State Budget 2023  Kerala Chief Minister  Pinarayi Vijayan  central Governments financial neglegance  കേന്ദ്രസര്‍ക്കാരിന്‍റെ അവഗണന  സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന ബജറ്റ്  മുഖ്യമന്ത്രി  കേന്ദ്ര സര്‍ക്കാര്‍  ധനമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  തിരുവനന്തപുരം
സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്ന ബജറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍, ശാസ്ത്ര സാങ്കേതിക മേഖലയ്‌ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പശ്ചാത്തല സൗകര്യ വികസനത്തിനും ഉന്നതവിദ്യാഭ്യാസത്തിനുമുള്ള ഊന്നല്‍ എന്നിവ ഈ ബജറ്റിന്‍റെ സവിശേഷതകളാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അധികാര വികേന്ദ്രീകരണത്തെ കൂടുതല്‍ സാര്‍ഥകമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ സേവനങ്ങളെ മെച്ചപ്പെടുത്താനും സഹായഹസ്‌തം എല്ലാ വിഭാഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുമുള്ള സമഗ്ര സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്. പ്രയാസങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കുമിടയില്‍ വികസനക്കുതിപ്പും സര്‍വതല സ്‌പര്‍ശിയായ ജനക്ഷേമവും സാധ്യമാക്കാനുള്ള വിഭവസമാഹരണത്തിന്‍റെ വഴികളും ബജറ്റ് തേടുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ നീക്കിവച്ചതും കേന്ദ്രം അവഗണിച്ച റബര്‍ കര്‍ഷകരെ സഹായിക്കാനായി 600 കോടി രൂപ സബ്‌സിഡിയായി അനുവദിച്ചതും അടക്കമുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ ജനങ്ങളുടെ ജീവിത ഭാരം കുറയ്ക്കും. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തില്‍ നിന്ന് മുക്തമാവുകയാണ് നാട്. അത്തരം പ്രയാസങ്ങളെയും കേന്ദ്രസര്‍ക്കാരിന്‍റെ അവഗണന നിറഞ്ഞതും അസമത്വം വര്‍ധിപ്പിക്കുന്നതുമായ സമീപനങ്ങളെയും അതിജീവിച്ച് ഈ നാടിനെ മുന്നോട്ടുനയിക്കാനുദ്ദേശിച്ചുള്ള ബജറ്റിനെ കേരള ജനത സര്‍വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details