തിരുവനന്തപുരം :പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിഷപ്പിന്‍റേത് ദൗര്‍ഭാഗ്യകരമായ പരാമര്‍ശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിര്‍ഭാഗ്യകരമായ രീതിയില്‍ ഈ വിവാദം കത്തിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്‍റെ തലയിലേക്ക് തള്ളേണ്ട ഒന്നല്ല. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ ഇത്തരം ആരോപണങ്ങള്‍ക്ക് വസ്തുതകളുടെ പിന്‍ബലമില്ല.
മതപരിവര്‍ത്തനത്തിലും മയക്കുമരുന്ന് കച്ചവടത്തിലും ന്യൂനപക്ഷങ്ങള്‍ക്ക് പങ്കാളിത്തമില്ല. ഇതിലൊന്നിലും ഏതെങ്കിലും മതമില്ല. ക്രിസ്‌തുമതത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിക്കുന്നു എന്നതും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഹാദിയ സംഭവത്തില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ഇതുസംബന്ധിച്ച ആരോപണം വാസ്‌തവ വിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.
ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ഇതര മതത്തിലെ പെണ്‍കുട്ടികളെ പ്രണയ കുരുക്കില്‍പെടുത്തിയ ശേഷം ഐഎസ് പോലുള്ള തീവ്രാദ സംഘടനകളില്‍ എത്തിക്കുന്നു എന്ന ആരോപണം പരിശോധിച്ചപ്പോഴും മറ്റൊരു ചിത്രമാണ് തെളിയുന്നത്.