തിരുവനന്തപുരം : മികച്ച രീതിയില്‍ കേരളീയം നടത്താന്‍ സാധിച്ചത് ആയിരക്കണക്കിനാളുകളുടെ ദൃഢനിശ്ചയവും കഠിനാധ്വാനവും കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ സംഘാടനത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു. സ്വാഭാവികമായ ചെറിയ പിഴവുകള്‍ തിരുത്തി കൂടുതല്‍ മികച്ച രീതിയില്‍ അടുത്ത വര്‍ഷം കേരളീയം സംഘടിപ്പിക്കാനും മറ്റ് നാടുകളില്‍ നിന്നുകൂടി കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനും ഈ വിജയം പ്രചോദനം പകരും.
അടുത്ത കേരളീയത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ ആരംഭിക്കുകയാണ്. അതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി ഒരു സംഘാടകസമിതിക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം രൂപം നല്‍കിയിട്ടുണ്ട്. കെഎസ്‌ഐഡിസി എം.ഡി കണ്‍വീനറാകും. തദ്ദേശസ്വയംഭരണം, പൊതുഭരണം വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വ്യവസായം, വിനോദസഞ്ചാരം, ധനകാര്യം, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, വിനോദസഞ്ചാരം, വ്യവസായം, സാംസ്‌കാരികം വകുപ്പ് ഡയറക്‌ടര്‍മാര്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
ഇപ്പോള്‍ തന്നെ അടുത്ത കേരളീയത്തിന്‍റെ തയാറെടുപ്പുകള്‍ ഈ കമ്മിറ്റി ആരംഭിക്കും. കേരളത്തെ കൂടുതല്‍ മികവോടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാം. മണിശങ്കര്‍ അയ്യരെ പോലുള്ള പ്രഗത്ഭരുടെ പങ്കാളിത്തവും എല്ലാ ഭേദങ്ങളും മറന്നുള്ള നാനാ വിഭാഗം ജനങ്ങളുടെ സാന്നിധ്യവും 'കേരളീയ'ത്തെ നാടിന്‍റെയാകെ വികാരമായി ഉയര്‍ത്തി. സമാപന സമ്മേളനം പുരോഗമിക്കുമ്പോഴാണ്, മുതിര്‍ന്ന ബി ജെ പി നേതാവ് ശ്രീ ഒ. രാജഗോപാല്‍ കടന്നുവന്നത്.
കേരളീയത്തെ കുറിച്ച് ഉയര്‍ത്തിയ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ജനങ്ങളെയോ നേതൃനിരയിലുള്ളവരേയോ ബാധിച്ചിട്ടില്ല എന്നതിന്‍റെ സൂചനകളാണ് ഇതെല്ലാം. നമ്മുടെ നാടിന്‍റെ പുരോഗതി എങ്ങനെയാകണം എന്നത് സംബന്ധിച്ച അന്വേഷണത്തെയും അതിനുവേണ്ടിവരുന്ന ചെലവിനേയും ധൂര്‍ത്തായി സര്‍ക്കാര്‍ കരുതുന്നില്ല എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നത്.
ജിഎസ്‌ടി ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കുന്നതില്‍ വലിയ അധികാര നഷ്‌ടമാണുണ്ടായത്. നികുതി അവകാശം പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമായി ചുരുങ്ങി. ജിഎസ്‌ടി നിരക്കില്‍ തട്ടുകള്‍ നിശ്ചയിച്ചതും, റവന്യൂ നൂട്രല്‍ നിരക്ക് ഗണ്യമായി കുറച്ചതും കേരളത്തിന്‍റെ വരുമാനത്തിന് തിരിച്ചടിയായി. ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകകളിലും വായ്‌പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്.