തിരുവനന്തപുരം:കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ വര്‍ഷങ്ങളിലെ പ്രളയ ദുരന്തങ്ങള്‍ കണക്കിലെടുത്ത് എന്ത് വെല്ലുവിളിയേയും നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് നിര്‍ദേശം.
ജൂണ്‍ നാലിന് മണ്‍സൂണ്‍ തുടങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ ആഴ്‌ചയില്‍ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ല കലക്‌ടര്‍മാരുടെയോ നേതൃത്വത്തില്‍ ഇത്തരത്തില്‍ യോഗം ചേരണം. അതില്‍ ഓരോ പ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണം.
മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരുസ്ഥലം/കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ വാങ്ങിയോ മഴക്കാലത്തേക്ക് വാടകയ്ക്ക് എടുത്തോ ശേഖരിച്ചുവയ്‌ക്കണം. ആപതാമിത്ര, സിവില്‍ ഡിഫന്‍സ് തുടങ്ങിയ പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകരെ അഗ്‌നി സുരക്ഷ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ഈ കേന്ദ്രവുമായി ബന്ധിപ്പിക്കണം.
ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം. ഈ കേന്ദ്രത്തിന്‍റെ ദൈനംദിന മേല്‍നോട്ടം തദ്ദേശ സ്ഥാപനത്തിനായിരിക്കും. അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ സമയ നഷ്‌ടം കൂടാതെ പ്രാദേശികമായി രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ ഇത് ഗുണകരമാവും. ഇതിനാവശ്യമായ തുക ദുരന്ത പ്രതികരണനിധിയില്‍ നിന്ന് അനുവദിക്കും.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാനും സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനും ജില്ല ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ആവശ്യാനുസരണം തുക അനുവദിക്കും. ഓരോ ഗ്രാമപഞ്ചായത്തിനും ഒരു ലക്ഷം രൂപയും മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപയും കോര്‍പറേഷന് അഞ്ച് ലക്ഷം രൂപയും ലഭിക്കും. കൂടുതലായി ഉപകരണങ്ങള്‍ ആവശ്യമായി വന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ സ്വരൂപിക്കണം.
ഉപകരണങ്ങള്‍ വാങ്ങുന്നുവെങ്കില്‍ മഴക്കാല ശേഷം അഗ്‌നി സുരക്ഷ വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പുനരുപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിതീവ്രമഴ ലഭിച്ചാല്‍ നഗരമേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഡ്രെയിനേജ് സംവിധാനങ്ങള്‍ വൃത്തിയാക്കി വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇവ മോണിറ്റര്‍ ചെയ്യാന്‍ എല്ലാ ജില്ലകളിലും പ്രത്യേകം സംവിധാനം രൂപീകരിക്കണം.