തിരുവനന്തപുരം:കുട്ടികളുടെ എണ്ണം കുറഞ്ഞ ബാച്ചുകൾ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി നൽകുകയും പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മുഖ്യമന്ത്രിയുടെ നിർദേശം. ഹയർസെക്കന്‍ഡറി പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് നിർദേശം. വൊക്കേഷണൽ ഹയർസെക്കന്‍ഡറി, ഐടിഐ, പൊളിടെക്‌നിക് എന്നിവിടങ്ങളിലെ സീറ്റുകൾ കൂടി കണക്കാക്കി ഹയർസെക്കന്‍ഡറിയിൽ സീറ്റുകൾ ഉറപ്പാക്കണമെന്നും എസ്എസ്എൽസിയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വരുന്ന ജൂലൈ അഞ്ചിനാണ് സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുക. അഡ്‌മിഷനായുള്ള അലോട്ട്മെന്‍റ് ജൂൺ രണ്ടിന് ആരംഭിച്ചിരുന്നു. സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക സീറ്റ് അനുവദിക്കുന്നതിനായിഎയ്‌ഡഡ് ഹയർ സെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവ് നടത്താനും സർക്കാർ സ്‌കൂളിൽ 30 ശതമാനം സീറ്റ് വർധിപ്പിക്കാനും സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. നേരത്തെ അനുവദിച്ച 81 താത്കാലിക അധിക ബാച്ച് തുടരുന്നതിനും അനുമതി നൽകിയിരുന്നു. എന്നാൽ ബാച്ചുകൾ അനുവദിക്കുന്നതിനു പകരം സീറ്റുകൾ വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. 50 കുട്ടികൾ ഇരിക്കേണ്ട ക്ലാസ് മുറികളിൽ 65, 70 കുട്ടികളെ ഇരുത്തുന്നതിനെതിരെ അധ്യാപകരും രംഗത്ത് വന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചത്.
ഫയലുകൾ വൈകിപ്പിച്ചാൽ കർശന നടപടി: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെ പക്കലുള്ള ഫയലുകൾ ക്രമവിരുദ്ധമായി വൈകിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന, ജില്ല, ബിആർസി തലത്തിലെ ഉദ്യോഗസ്ഥരുടെയും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡിഡിമാരുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് മന്ത്രിയുടെ താക്കീത്. ഫയൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ചില ഉദ്യോഗസ്ഥർ സർക്കാരിന്‍റെ നിർദേശങ്ങളോട് മുഖംതിരിച്ച് നിൽക്കുന്ന സമീപനമാണ് ഇപ്പോഴും സ്വീകരിച്ചു വരുന്നതെന്നും മന്ത്രി സൂചിപ്പിച്ചു. ഈ സ്ഥിതി വകുപ്പിൽ തുടരാൻ അനുവദിക്കില്ലെന്നും സമയബന്ധിതമായി പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ചുമതലപ്പെട്ടവർ ശ്രദ്ധചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു.