തിരുവനന്തപുരം: ബഫര്‍ സോണ്‍ ഉപഗ്രഹ സർവേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ സംബന്ധിച്ച് സുപ്രീം കോടതിയുടെ ഉത്തരവ് എങ്ങിനെ ബാധിക്കുമെന്നത് ജനതാത്‌പര്യം മുൻനിർത്തി കോടതിയിൽ പറയാനും കേന്ദ്ര സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്താനും സർക്കാർ തയ്യാറായി. നേരത്തെ കോടതി ഉത്തരവിൻ്റെ ഭാഗമായി ഒരു റിപ്പോർട്ട് നൽകേണ്ടതുണ്ടായിരുന്നു. അത് വേഗത്തിലാക്കാനാണ് സർവേ നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബഫർ സോണുമായി ബന്ധപ്പെട്ട്, ജനവാസ കേന്ദ്രങ്ങളിലുള്ളവർക്ക് ബുദ്ധിമുട്ടനുഭവിക്കാതെ സ്വൈര്യജീവിതം തുടരാൻ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സർക്കാറിനുള്ളത്. ബഫർ സോണിൻ്റെ പേരിൽ വിവേചനമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന കേരളോത്സവത്തിന്‍റെ കലാമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഡിസംബര്‍ 18 മുതല്‍ 21 വരെ കണ്ണൂര്‍ പൊലീസ് മൈതാനിയിലാണ് കേരളോത്സവം.