'കറുത്ത കൊടി പിടിച്ചവര്‍ക്കു നേരെ കൂത്തു പറമ്പില്‍ നിറയൊഴിച്ചവരല്ലേ ഇന്ന് പ്രതിപക്ഷത്തിരിക്കുന്നവര്‍ ?'; മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം: കേരളത്തില്‍ സമരം പാടില്ല, കറുപ്പ് പാടില്ല എന്നൊക്കെയുള്ള സമീപനം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കറുപ്പ് പാടില്ലെന്നത് സര്‍ക്കാര്‍ സമീപനമല്ല, കേരളത്തിലെ ചില മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനെ വല്ലാതെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദേശ്യമുണ്ടെന്നും അവര്‍ പടച്ചു വിടുന്നതാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനത്തെ ഏതെങ്കിലും നിലയില്‍ മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്നതാണ് അവരുടെ നയമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആരോപിച്ചു.
കറുത്ത കൊടി പിടിച്ചവര്‍ക്കു നേരെ കൂത്തുപറമ്പില്‍ നിറയൊഴിച്ചവരല്ലേ ഇന്ന് പ്രതിപക്ഷത്തിരിക്കുന്നവര്‍. ഇതിനൊക്കെ നേതൃത്വം നല്‍കിയിട്ട് ഇപ്പോള്‍ പുണ്യാളന്‍മാരാകുന്നു. സര്‍ക്കാരിന് കറുപ്പിനോട് വിരോധമൊന്നുമില്ല.
സര്‍ക്കാരിനെതിരെ സ്വാഭാവികമായി പ്രതിഷേധം ഉയര്‍ന്നു വന്നേക്കാം. എന്നാല്‍, മുന്‍പൊക്കെ സര്‍ക്കാരിനെതിരെ നടന്നതുപോലുള്ള പ്രക്ഷോഭമാണോ ഇപ്പോള്‍ നടക്കുന്നത്. ഒരാള്‍, രണ്ടാള്‍, മൂന്നാള്‍ ചേര്‍ന്നാണ് കരിങ്കൊടി കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആളെകൂട്ടാന്‍ പാടില്ലാത്തവരല്ലല്ലോ യൂത്ത് കോണ്‍ഗ്രസുകാര്‍. അപ്പോള്‍ ഇങ്ങനെയാണോ സമരം ചെയ്യേണ്ടതെന്ന് അവര്‍ ആലോചിക്കണം. ഡിവൈഎഫ്‌ഐയുടെ കരുത്തില്ലെങ്കിലും ആളെ കൂട്ടാന്‍ പാടില്ലാത്ത സംഘടനയല്ലല്ലോ യൂത്ത് കോണ്‍ഗ്രസ്.
യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള പ്രശ്‌നത്തിന് തന്നെ കരുവാക്കരുത്. പ്രക്ഷോഭത്തിന് ആളെക്കൂട്ടാന്‍ പറ്റാത്തതെന്തുകൊണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് ആലോചിക്കണം. അതായത് യൂത്ത് കോണ്‍ഗ്രസിന്‍റെ സമരത്തെ യൂത്ത് കോണ്‍ഗ്രസ് അണികള്‍ പോലും അംഗീകരിക്കുന്നില്ലെന്ന് ചുരുക്കം, പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
ഇറങ്ങി നടക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി വീട്ടിലിരിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പഴയ വിജയനായിരുന്നെങ്കില്‍ ഇതിനു മറുപടി പറയുമായിരുന്നു. അത് സുധാകരനോടു ചോദിച്ചാല്‍ മതി.
'ഇന്നത്തെ പ്രതിപക്ഷം സര്‍വ്വ സജ്ജമായിരുന്ന കാലത്ത് തനിക്ക് ഇത്തരം പദവിയൊന്നും ഇല്ലാതെ ഒറ്റത്തടിയായിരുന്ന കാലത്ത് താന്‍ ഇറങ്ങി നടന്നിട്ടുണ്ടെന്നും ഭരണപക്ഷത്തിന്‍റെ ആഹ്ളാദ പ്രകടനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.