തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടവിദഗ്‌ധ സംഗമത്തിലും സെമിനാറിലും പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. ആരോഗ്യ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തുറമുഖത്തിന്‍റെ പ്രവര്‍ത്തന സാങ്കേതികത സംബന്ധിച്ച് വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സംഘടിപ്പിച്ച സെമിനാര്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.
മുഖ്യമന്ത്രി എത്താതിരുന്ന സാഹചര്യത്തില്‍ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് പരിപാടി തുടങ്ങിയത്. അതേസമയം രാവിലെ പത്തിന് ആരംഭിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്‌ദുര്‍ റഹിമാനും മാത്രമായിരുന്നു എത്തിയത്. ഫിഷറീസ് വകുപ്പ് മന്ത്രിയാണ് പരിപാടിയില്‍ ആദ്യം സംസാരിച്ചത്.
വിഴിഞ്ഞം പദ്ധതിയെ തടസപ്പെടുത്തിയുള്ള സമരത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു. വികസന പദ്ധതികൾ പകുതി വഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഗെയിൽ പദ്ധതിയിലടക്കം ശക്തമായ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.